“ഫുട്ബോൾ കാണുന്നവർക്കു മനസിലാകും മെസിയേക്കാൾ മികച്ചത് ബെൻസിമയാണെന്ന്”

Image 3
FeaturedFootball

രണ്ടു വർഷങ്ങൾക്കു ശേഷം സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കാൻ റയലിനെ സഹായിച്ച ബെൻസിമ ഇപ്പോൾ മെസിയേക്കാൾ മികച്ചതാണെന്ന് അർജൻറീനയുടെ മുൻതാരം ഹ്യൂഗോ ഗാട്ടി. എൽ ചിരിംഗുറ്റോയെന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റയലിന്റെ കിരീടപ്പോരാട്ടത്തിനു ചുക്കാൻ പിടിച്ച ഫ്രഞ്ച് താരത്തെ പ്രശംസിച്ച് മുൻ അർജൻറീനിയൻ ഗോൾകീപ്പർ സംസാരിച്ചത്.

“ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതെല്ലാം മെസിയിൽ നിന്നും ലഭിച്ചേക്കും. എന്നാലിപ്പോൾ മെസിയേക്കാൾ മികച്ചത് ബെൻസിമയാണ്. അതു ഫുട്ബോൾ കാണുന്ന എല്ലാവർക്കും മനസിലാകും. മെസിക്കും മുകളിലാണ് ഇപ്പോൾ ബെൻസിമയുടെ സ്ഥാനം.”

“സ്വന്തം ടീമിനു വേണ്ടി മെസി നൽകുന്നതിനേക്കാൾ ബെൻസിമ നൽകുന്നുണ്ട്. റൊണാൾഡോ റയലിൽ കാഴ്ച വെച്ചതു പോലൊരു പ്രകടനം താരം ക്ലബ് വിട്ടതിനു ശേഷം ഉണ്ടായിട്ടുള്ളത് ബെൻസിമയിൽ നിന്നാണ്.” ഹ്യൂഗോ ഗാട്ടി വ്യക്തമാക്കി.

ഈ സീസണിൽ 21 ഗോളുകളാണ് ബെൻസിമ നേടിയിട്ടുള്ളത്. മെസിയുമായി രണ്ടു ഗോൾ മാത്രം പിന്നിൽ നിൽക്കുന്ന താരം പിച്ചിച്ചി ട്രോഫിക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്. അതേ സമയം ലാലിഗ വിജയിച്ച ഊർജ്ജം ചാമ്പ്യൻസ് ലീഗിലും നിലനിർത്തി മുന്നേറാമെന്നാണ് റയലിന്റെ പ്രതീക്ഷ.