രണ്ടും കല്‍പിച്ച് ബംഗളൂരു, സൂപ്പര്‍ താരത്തെ തിരികെയെത്തിക്കും
ഐഎസ്എല്ലില്‍ അടുത്ത സീസണില്‍ ബംഗളുരു എഫ്‌സി തങ്ങളുടെ സൂപ്പര്‍ താരമായിരുന്ന ലാല്‍ത്വാമിയ റാള്‍ട്ടെയെ തിരികെയെത്തിച്ചേക്കും. ഗോളിയായ റാള്‍ട്ടെ നിലവില്‍ ഗോവയില്‍ നിന്ന് ലോണില്‍ ഈസ്റ്റ് ബംഗാളിനായി കളിക്കുകയായാണ്.
മുന്‍ സീസണില്‍ ബംഗളുരുവിന്റെ ബാക്കപ്പ് ഗോളിയായിരുന്ന പ്രഭ്ഷുകന്‍ ഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് പോയതോടെ വന്ന ഒഴിവിലേക്കാണ് റാള്‍ട്ടെയെ തിരികെയെത്തിക്കാനുള്ള ശ്രമം. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടായിരുന്ന താരമാണ് ലാല്‍ത്വാമിയ റാള്‍ട്ടെ.
ഷില്ലോങ് ലജോഗിനായി കളിച്ച് പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് വന്ന മിസോറാം സ്വദേശിയായ ലാല്‍ത്വാമിയ റാള്‍ട്ടെ 2014ലാണ് ബംഗളൂരു എഫ്‌സിയിലെത്തിയത്. പിന്നീട് നാല് സീസണുകളില്‍ നീലപ്പടയുടെ വലകാക്കാന്‍ ലാല്‍ത്വാമിയ റാള്‍ട്ടെ ഉണ്ടായിരുന്നു. 2014ല്‍ ബംഗളൂരു എഫ്‌സി ഐലീഗ് ചാമ്പ്യന്‍മാരായപ്പോള്‍ നിര്‍ണ്ണായക പ്രകടനമാണ് ഈ മിസോറാം കളിക്കാരന്‍ കാഴ്ച്ചവെച്ചത്.
തുടര്‍ന്ന് 2018ല്‍ എഫ്‌സി ഗോവയിലേക്കും അവിടെ നിന്നും ലോണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കും ലാല്‍ത്വാമിയ എത്തി. തുടര്‍ന്നാണ് ഈസ്റ്റ് ബംഗാളിലേക്ക് താരം കൂടുമാറിയത്.