ബംഗാള്‍ ഡെര്‍ബി, പ്രത്യേക ആവശ്യവുമായി ഈസ്റ്റ് ബംഗാള്‍

ഫുട്‌ബോള്‍ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഐഎസ്എല്ലില്‍ ഇതാദ്യമായി സംഭവിക്കുന്ന ബംഗാള്‍ ‘ഡെര്‍ബി’. നവംബര്‍ 27 -ന് എടികെ മോഹന്‍ ബഗാനും സ്പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാളും തമ്മിലാണ് മുഖാമുഖം പോരാട്ടം നടക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ് സ്പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാള്‍. മോഹന്‍ ബഗാനാകട്ടെ, എടികെയുമായി ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരില്‍ ഐഎസ്എല്ലില്‍ എത്തുന്നു. എന്തായാലും ചരിത്ര പ്രസിദ്ധമായ മോഹന്‍ ബഗാന്‍ – ഈസ്റ്റ് ബംഗാള്‍ മത്സരത്തിന് സാക്ഷിയാകാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍. ഇതിനിടെ ഈസ്റ്റ് ബംഗാള്‍ ക്ലബ് പ്രത്യേക ആവശ്യവുമായി ഐഎസ്എല്‍ സംഘാടകരെ സമീപിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച്ചത്തെ പോരാട്ടത്തിന് മുന്‍പ് രണ്ടു മിനിറ്റ് മൗനാചരണം നടത്തണമെന്ന് ക്ലബ് ആവശ്യപ്പെടുന്നു. ഈ വര്‍ഷം ഇന്ത്യന്‍ ഫുട്ബോളിനോട് വിടപറഞ്ഞ ഇതിഹാസങ്ങളുടെ സ്മരണാര്‍ത്ഥമാണിത്. പികെ ബാനര്‍ജി, ചുനി ഗോസ്വാമി, കാള്‍ട്ടണ്‍ ചാപ്മാന്‍ തുടങ്ങിയ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഈ വര്‍ഷമാണ് അന്തരിച്ചത്. ഇവരെല്ലാം മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബുകള്‍ക്കായി കളിച്ചവരും അടുത്ത ബന്ധം പുലര്‍ത്തിയവരുമാണ്.

അതുകൊണ്ട് കിക്കോഫിന് മുന്‍പ് മൗനാചരണം വേണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷന് എസ്സി ഈസ്റ്റ് ബംഗാള്‍ ജനറല്‍ സെക്രട്ടറി കല്യാണ്‍ മജുംദാര്‍ കത്തയച്ചു.

മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ആദ്യ ഐഎസ്എല്‍ സീസണാണിത്. ഏഴാം പതിപ്പിലെ ആദ്യ മത്സരം ജയിച്ചുകൊണ്ടാണ് എടികെ മോഹന്‍ ബഗാന്‍ തുടങ്ങിയതും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് എടികെ മോഹന്‍ ബഗാന്‍ തകര്‍ത്തു. റോയി കൃഷ്ണയുടെ വകയായിരുന്നു എടികെ മോഹന്‍ ബഗാന്റെ സീസണിലെ ആദ്യ ഗോള്‍.

മറുഭാഗത്ത് ഈസ്റ്റ് ബംഗാള്‍ ആദ്യ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ്. എടികെ മോഹന്‍ ബഗാനുമായാണ് ക്ലബിന്റെ ആദ്യ മത്സരം. ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ എസ്സി ഈസ്റ്റ് ബംഗാള്‍ – എടികെ മോഹന്‍ ബഗാന്‍ മത്സരം അരങ്ങേറും.

You Might Also Like