ലാ ലിഗ അരങ്ങേറ്റം ഗോളോടെ ഗംഭീരമാക്കി ബെല്ലിങ്ങ്ഹാം, വിജയത്തോടെ റയലിന്റെ സീസണിന് തുടക്കം

കഴിഞ്ഞ സീസണിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നില്ല. ലീഗ് കിരീടം ബാഴ്‌സലോണക്ക് മുന്നിൽ നേരത്തെ അടിയറവ് വെച്ച അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞത് കോപ്പ ഡെൽ റേ മാത്രമായിരുന്നു. അതിനു ശേഷം പുതിയ സീസണിനായി ഒരുങ്ങുന്ന ക്ലബിൽ നിന്ന് പ്രധാന താരം ബെൻസിമ സൗദിയിലേക്ക് പോയി. സീസൺ തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഗോൾകീപ്പർ ക്വാർട്ട്‌വാക്കും പരിക്കേറ്റു.

എന്നാൽ ഇതിലൊന്നും തളരാതെ സീസണിലെ ആദ്യത്തെ മത്സരത്തിൽ തന്നെ വിജയത്തോടെ തുടങ്ങാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ അത്‌ലറ്റിക് ക്ലബുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. പ്രധാന താരങ്ങളിൽ പലരുടെയും അഭാവം ഉണ്ടായിരുന്നെങ്കിലും എതിരാളികളുടെ മൈതാനത്ത് ആധിപത്യം പുലർത്താൻ റയലിന് കഴിഞ്ഞു.

മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ റയൽ മാഡ്രിഡ് രണ്ടു ഗോളുകൾ നേടിയിരുന്നു. ഇരുപത്തിയെട്ടാം മിനുട്ടിൽ ബ്രസീലിയൻ താരം റോഡ്രിഗോ ആദ്യത്തെ ഗോൾ കണ്ടെത്തിയപ്പോൾ എട്ടു മിനുട്ടിനു ശേഷം പുതിയ സൈനിങായ ജൂഡ് ബില്ലിങ്‌ഹാമും വല കുലുക്കി. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും നൂറു മില്യൺ യൂറോയിലധികം നൽകി റയൽ മാഡ്രിഡ് സ്വന്തമാക്കിയ താരം തന്റെ മേലുള്ള പ്രതീക്ഷ വർധിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.

ബെല്ലിങ്‌ഹാമിന്റെ മികച്ച പ്രകടനം ലൈനപ്പിൽ ആൻസലോട്ടി നടത്തിയ മാറ്റാതെ സാധൂകരിക്കുന്ന ഒന്നായിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം റയൽ മാഡ്രിഡിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുമെന്ന് ഇന്നലത്തെ മത്സരം വ്യക്തമാക്കി. അതേസമയം പ്രതിരോധതാരം മിലിറ്റാവോക്ക് പരിക്ക് പറ്റിയത് റയലിന് തിരിച്ചടിയാണ്. താരത്തിന്റെ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

You Might Also Like