കരാർ പുതുക്കൽ വൈകുന്നു, റയൽ മാഡ്രിഡ്‌ സൂപ്പർതാരത്തെ റാഞ്ചാനൊരുങ്ങി ബയേൺ മ്യൂണിക്ക്

Image 3
FeaturedFootballLa Liga

റയൽ മാഡ്രിഡിൽ ഇതു വരെയും കാരാർ പുതുക്കുന്നതിൽ തീരുമാനമാകാത്ത പ്രധാനപ്പെട്ട താരമാണ് ലൂക്കാസ് വാസ്‌കസ്. ഈ സീസണിൽ 31 മത്സരങ്ങൾ റയൽ മാഡ്രിഡിനായി ബൂട്ടുകെട്ടിയെങ്കിലും പ്രസിഡന്റ് പെരെസുമായി പുതിയ ഡീലിനായി ഇതുവരെയും ഒത്തിണക്കത്തിലെത്തിയിട്ടില്ലെന്നതാണ് വസ്തുത. കരാർ പുതുക്കിയില്ലെങ്കിൽ വരുന്ന ജൂണിൽ താരത്തിനു ക്ലബ്ബ് വിട്ടു പോവാനാകും.

ഈ അവസരം മുതലെടുത്തുകൊണ്ട് ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യുണിക് രംഗത്തെത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. റയൽ മാഡ്രിഡ്‌ നൽകിയ പുതിയ കോൺട്രാക്ട് വാസ്‌കസ് നിരസിച്ചതോടെയാണ് ബയേൺ താരത്തിന്റെ പ്രതിനിധികളുമായി ചർച്ചക്കൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. മാഡ്രിഡ്‌ ആസ്ഥാനമായ മാധ്യമമായ എഎസാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മാഡ്രിഡ്‌ മുന്നോട്ടു വെച്ച കരാർ നിഷേധിച്ചെങ്കിലും മാഡ്രിഡിൽ ത്തന്നെ തുടരനായി മികച്ച മറ്റൊരു കരാറിലെത്താമെന്നു തന്നെയാണ്‌ വാസ്‌കസ് പ്രതീക്ഷിക്കുന്നത്. എന്നാൽ മെച്ചപ്പെട്ട കരാറുകൾ ലഭിച്ചില്ലെങ്കിൽ ജർമൻ വമ്പന്മാരുടെ തട്ടകത്തിലേക്ക് കൂടുമാറുന്നതിനെക്കുറിച്ചും താരം പരിഗണിച്ചേക്കുമെന്നാണ് അറിയാനാകുന്നത്. 2015ൽ റയൽ മാഡ്രിഡിനായി അരങ്ങേറ്റം കുറിച്ച താരമാണ് വാസ്‌കസ്.

ഈ സീസണിൽ സിദാനു കീഴിൽ റൈറ്റ് ബാക്കായും വിങ്ങറായും മികച്ച പ്രകടനമാണ് വാസ്‌കസ് കാഴ്ചവെച്ചിട്ടുള്ളത്. അത്തരത്തിൽ ഒന്നിലധികം പൊസിഷനുകളിൽ ഒരേ പോലെ തിളങ്ങാനാകുമെന്നതാണ് ബയേൺ പരിശീലകൻ ഹാൻസി ഫ്ളികിനെയും താരത്തിലേക്ക് ആകർഷിച്ചിരിക്കുന്നത്. പിന്നാലെ പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടനം ഹോട്സ്പറും എവെർട്ടണും മത്സരമായെത്തിയതോടെ വളരെ പെട്ടെന്നു ത്തന്നെ ഡീലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബയേൺ മ്യുണിക്.