കിരീടം നേടി ആഘോഷിക്കാമെന്ന് ബാഴ്‌സലോണ കരുതേണ്ട, എതിരാളികളുടെ മുന്നറിയിപ്പ്

ലാ ലിഗ കിരീടം നേടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ. ഇനി നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ കിരീടം ബാഴ്‌സലോണക്ക് സ്വന്തമാകും. എന്നാൽ കാറ്റലോണിയയിൽ നിന്നു തന്നെയുള്ള ടീമാണ് എസ്പാന്യോളാണ് ബാഴ്‌സയുടെ എതിരാളികൾ. അവരുടെ മൈതാനത്തു നടക്കുന്ന മത്സരത്തിലാണ് ബാഴ്‌സലോണ വിജയം നേടേണ്ടത്.

ബാഴ്‌സലോണ ലീഗ് കിരീടം നേടാനുള്ള പോരാട്ടത്തിനിറങ്ങുമ്പോൾ എസ്പാന്യോളിനെ സംബന്ധിച്ച് തരംതാഴ്ത്തൽ മേഖലയിൽ നിന്നും രക്ഷപ്പെടുക എന്നതാണ് ലക്ഷ്യമായി മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വിജയം നേടി കിരീടം സ്വന്തമാക്കാമെന്ന് ബാഴ്‌സലോണ പ്രതീക്ഷിക്കേണ്ടെന്നാണ് എസ്പാന്യോൾ നായകനായ സെർജി ഡാർഡർ പറയുന്നത്.

“ഞങ്ങളുടെയത്ര പ്രചോദനം മറ്റാർക്കുമുണ്ടാകില്ല. ഇതുപോലെയുള്ള മത്സരങ്ങളിൽ ഏതറ്റം വരെ പോയാലും അതൊരു പ്രശ്‌നമല്ല. പതിനൊന്നു താരങ്ങളുമായി മത്സരം നിയന്ത്രിച്ച് അവസാനം വരെ കളിക്കുക എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. നമ്മുടെ മുഴുവൻ കരുത്തും മൈതാനത്ത് കാണിക്കണം. എല്ലാ മത്സരവും ഫൈനലാണെങ്കിൽ ഇത് അതിനേക്കാൾ വലുതാണ്.”

“ഇതൊരു പാർട്ടിയല്ലെന്നു മനസിലാക്കി ടീം മൈതാനത്ത് മരണം വരെയും പോരാടണമെന്നാണ് എനിക്ക് പറയാനുള്ളത്. ബാഴ്‌സലോണ ലീഗ് നേടാതിരിക്കാനല്ല ഞങ്ങൾക്ക് മൂന്നു പോയിന്റ് വേണ്ടത്, മറിച്ച് ഞങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്. അതിനു പുറമെ ഞങ്ങളുടെ മുഖത്ത് നോക്കിയുള്ള ആഘോഷം ഒരിക്കലും ഇഷ്‌ടപ്പെടുന്നില്ല.”

കാറ്റലൻ ക്ലബ് എന്ന നിലയിൽ ബാഴ്‌സലോണയുടെ പ്രധാന എതിരാളികളാണ് എസ്പാന്യോൾ. എന്നാൽ റയൽ മാഡ്രിഡ് ഇന്നത്തെ മത്സരത്തിൽ ഗെറ്റാഫയോട് തോൽവി വഴങ്ങിയാൽ അടുത്ത മത്സരത്തിന് മുൻപേ തന്നെ ബാഴ്‌സലോണ ലീഗ് ജേതാക്കളാവും. എങ്കിലും മത്സരം വിജയിച്ച് ലീഗിൽ തന്നെ തുടരാനുള്ള ശ്രമമാകും ബാഴ്‌സലോണ നടത്തുക.

You Might Also Like