കുട്ടീഞ്ഞോയെ മറിച്ചുവിൽക്കാൻ ബാഴ്‌സ! ആഴ്സണലും ന്യൂകാസിലും രംഗത്ത്

120 മില്യണ്‍ യൂറോക്ക് ജര്‍മ്മന്‍ സൂപ്പര്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ഫിലിപ്പെ കൂട്ടിഞ്ഞോയെ വാങ്ങാന്‍ വിസമ്മതിച്ചതോടെ ഈ ട്രാന്‍ഫര്‍ മാര്‍ക്കറ്റില്‍ തന്നെ താരത്തെ വില്‍ക്കാനൊരുങ്ങുകയാണ് ബാഴ്സലോണ. ബാഴ്സയിലേക്ക് മടങ്ങാന്‍ താത്പര്യമില്ലായെന്ന് കൂട്ടിഞ്ഞോ അറിയിച്ചതോടെ താരത്തെ വിറ്റൊഴിച്ച് ഇന്ററില്‍ നിന്ന് ലുവറ്റാരോ മാര്‍ട്ടീനസിനെ ബാഴ്സയിലെത്തിക്കാനുള്ള പണം സ്വരൂപിക്കാനൊരുങ്ങുകയാണ് കാറ്റാലന്‍ ക്ലബ്.

2018ല്‍ ലിവര്‍പൂളില്‍ നിന്നും 150 മില്യണിനാണ് ഫിലിപ്പെ കൂട്ടീഞ്ഞോ ബാഴ്സയിലേക്ക് കൂടുമാറിയത്. എന്നാല്‍ താരത്തിന് ബാഴ്സയില്‍ തിളങ്ങാനാവാതെ വന്നതോടെ താരത്തെ ബയേണ്‍ മ്യൂണിക്കിലേക്ക് ലോണില്‍ വിടുകയായിരുന്നു. 120 മില്യണ്‍ യുറോക്ക് ബയേണിനു താരത്തെ വാങ്ങാനുള്ള അവസരവും കരാറിലുണ്ടായിരുന്നു.

എന്നാല്‍ ബയേണിലെ താരപ്പൊലിമക്കൊപ്പം മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്ന കൂട്ടീഞ്ഞോയെ ബയേണും കൈവിടുകയായിരുന്നു. താരത്തിനെ വാങ്ങിയതില്‍ ബാഴ്സക്ക് വന്‍ നഷ്ടമാണ് വന്നതെങ്കിലും ലുവറ്റാരോ മാര്‍ട്ടിനെസിന് പണം കണ്ടെത്താന്‍ കൂട്ടിഞ്ഞോയെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ആഴ്‌സണലും ന്യൂകാസിലുമാണ് ഇപ്പോള്‍ കൂട്ടിഞ്ഞോയ്ക്കായി മുന്നോട്ടു വന്നിരിക്കുന്നത്. അടുത്തിടെ അറബ് ഉടമകള്‍ ഏറ്റെടുത്തതോടെ അടുത്ത സീസണിലേക്ക് മികച്ച താരങ്ങളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണ് മാഗ്‌പൈസ് എന്ന് വിളിപ്പേരുള്ള ന്യൂകാസില്‍ യുണൈറ്റഡ്. ഈ അവസരത്തില്‍ താരത്തിനെ വില്‍ക്കുന്നത് മാര്‍ട്ടിനെസിനെ കരാറിലെത്തിക്കാന്‍ മുതല്‍കൂട്ടാവുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.

You Might Also Like