; )
നാപോളിയുമായി നടന്ന ചാമ്പ്യൻസ്‌ലീഗ് രണ്ടാംപാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി ബാഴ്‌സലോണ ക്വാർട്ടർ ഫൈനലിലെത്തിയിരിക്കുകയാണ്. ക്ലമന്റ് ലെങ്ലെറ്റിന്റെയും ക്യാപ്റ്റൻ ലയണൽ മെസ്സിയുടെയും ലൂയിസ് സുവാരസിന്റെയും ഗോളുകളാണ് ഇറ്റാലിയൻ വമ്പൻമാരായ നാപോളിക്ക് മേൽ വിജയം കണ്ടെത്താൻ നിർണായകമായത്.
ഓഗസ്റ്റ് 14 ണ് പോർട്ടുഗലിലെ ലിസ്ബണിൽ വെച്ചാണ് ക്വാർട്ടർ ഫൈനൽ നടക്കുക. ചെൽസിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചതോടെ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കുമായിട്ടാണ് ബാഴ്‌സക്ക് പോരാട്ടം. ക്വാർട്ടറിൽ കടന്നത് നിരവധി ചരിത്രമുഹൂർത്തങ്ങളും റെക്കോര്ഡുകളുമാണ് ബാഴ്‌സക്ക് സമ്മാനിച്ചിരിക്കുന്നത്.

2006/07 സീസണ് ശേഷം ബാഴ്സലോണ എല്ലാ സീസണുകളിലും ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടറിൽ കടന്നിട്ടുണ്ട്. തുടർച്ചയായ പതിമൂന്നാം സീസണിലാണ് ക്വാർട്ടർ ഫൈനലിലെത്തുന്നതെന്ന റെക്കോർഡിനി ബാഴ്‌സക്ക് സ്വന്തമായിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ മറ്റൊരു ടീമും ഇത്രയധികം സീസണുകളിൽ തുടർച്ചയായി ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടില്ല.
ഈ മത്സരത്തിൽ വിജയിച്ചതോടെ ക്യാമ്പ് നൗവിൽ ചാമ്പ്യൻസ് ലീഗിലെ ബാഴ്സയുടെ അപരാജിതമുന്നേറ്റം മുപ്പത്തിയഞ്ചാമത്തെ മത്സരത്തിലേക്ക് കടന്നിരിക്കുകയാണ് (31 വിജയം, 4 സമനില). 1969 മുതൽ 91 വരെ സ്വന്തം മൈതാനത്ത് തോൽവി അറിയാതെ 43 മത്സരങ്ങൾ കളിച്ച ബയേൺ മ്യൂണിക്ക് മാത്രമാണ് ഇക്കാര്യത്തിൽ ബാഴ്സയുടെ മുന്നിലുള്ളത്.
ഈ മത്സരത്തിൽ ലെംഗ്ലെറ്റ് നേടിയ ഗോൾ ബാഴ്സയുടെ അറുനൂറാമത്തെ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു.