ഉറുഗ്വായിൽ നിന്ന് തന്നെ സുവാരസിന്റെ പകരക്കാരനെ റാഞ്ചാനൊരുങ്ങി ബാഴ്‌സലോണ
ഈ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സ വിട്ട സൂപ്പർതാരമാണ് ലൂയിസ് സുവാരസ്. എന്നാൽ താരത്തിനു പകരക്കാരനായി ഒരു സ്‌ട്രൈക്കറെ ബാഴ്സക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലിയോണിന്റെ ഡച്ച് സൂപ്പർസ്‌ട്രൈക്കർ മെംഫിസ് ഡീപേയെ കൂമാൻ കുറേക്കാലമായി പരിഗണിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ട്രാൻസ്ഫർ നടക്കാതെ പോവുകയായിരുന്നു.
എന്നിരുന്നാലും ജനുവരി ട്രാൻസ്ഫറിൽ മറ്റൊരു താരത്തിനായുള്ള ശ്രമങ്ങൾ ബാഴ്സ ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ ബെൻഫിക്കയുടെ സ്‌ട്രൈക്കറായ ഉറുഗ്വായൻ താരം ഡാർവിൻ നൂനസിനെയാണ് ബാഴ്‌സ നോട്ടമിട്ടിരിക്കുന്നത്. പ്രമുഖ മാധ്യമമായ ഇഎസ്പിഎന്നാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ബെൻഫിക്കക്കായി മികച്ച പ്രകടനം നടത്തുന്ന നൂനസ് ഇതുവരെ കളിച്ച എട്ടു മത്സരങ്ങളിൽ നിന്നായി നാലു ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്.
Barcelona 'step up their interest in Darwin Nunez' in bid to replace Luis Suarez https://t.co/0DR5VFKjKl
— Mail Sport (@MailSport) November 2, 2020
പ്രസിഡന്റിന്റെ അഭാവത്തിൽ സ്പോർട്ടിങ് ഡയറക്ടറായ റാമോസ് പ്ലാനെസാണ് ബാഴ്സയുടെ ട്രാൻസ്ഫർ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. എന്നിരുന്നാലും ട്രാൻസ്ഫർ ഔദ്യോഗികമാകാൻ പുതിയ പ്രസിഡന്റിനെ ബാഴ്സ നിയമിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും. അടുത്ത 80 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പിലൂടെ ബാഴ്സ പുതിയ പ്രസിഡന്റിനെ കണ്ടെത്തും.
21 മില്യൺ യൂറോക്കാണ് ഈ സമ്മർ ട്രാൻസ്ഫറിൽ ബെൻഫിക്ക ഡാർവിൻ നൂനസിനെ സ്വന്തമാക്കുന്നത്. നൂനസിനെ കൂടാതെ മറ്റൊരു താരത്തെ കൂടി ബാഴ്സ നോട്ടമിട്ടിരുന്നു. ഡീപേയെ പോലെ പിഎസ്വി എയ്ൻതോവന്റെ ഡച്ച് താരമായ ഡോൺയേൽ മാലനാണ് കൂമാന്റെ പരിഗണനയിലുള്ളത്. കൂടുതൽ അഭാവം പ്രകടമാകുന്ന സ്‌ട്രൈക്കർ പൊസിഷനിലേക്ക് ജനുവരിയിൽ തന്നെ താരത്തെയെത്തിക്കാനാണ് ബാഴ്സയുടെ നീക്കം.