അന്‍സു ഫാറ്റിയുടെ നാലാം ഗോള്‍, ചരിത്രനേട്ടം സ്വന്തമാക്കി ബാഴ്‌സ

Image 3
FeaturedFootball

ലാലിഗയില്‍ വിയ്യാറയലുമായുള്ള മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി യുവതാരം അന്‍സു ഫാറ്റി നേടിയ നാലാമത്തെ ഗോള്‍ കടന്ന് ചെന്നത് ചരിത്ര നേട്ടത്തിലേക്കാണ്. ബാഴ്‌സലോണ ഔദ്യോഗിക മത്സരങ്ങില്‍ നേടുന്ന 9000മത്തെ ഗോളെന്ന നാഴികല്ലാണ് അന്‍സു ഫാറ്റിയുടെ ആ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന് ബാഴ്‌സ വിയ്യാറയലിനെ തകര്‍ക്കുകയും ചെയ്തിരുന്നു.

നിലവിലെ ലാലിഗ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ 1909 ഏപ്രില്‍ മാസത്തിലാണ് ഓദ്യോഗികമായി ആദ്യ ഗോള്‍ നേടുന്നത്. 111 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒടുവില്‍ ബാഴ്‌സ 9000 ഗോള്‍ നേട്ടമെന്ന മാജിക്ക് റെക്കോര്‍ഡിലെത്തന്നത്. ഇതില്‍ 630 ഗോളുകള്‍ സ്വന്തമാക്കിയത് നായകനും ബാഴ്‌സലോണയുടെ എക്കാലത്തേയും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയാണ്.

ഇതില്‍ ലാലിഗയില്‍6165 ഗോളുകള്‍ ഔദ്യോദികമായി നേടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ 543 ഉം കോപ്പ ഡെല്‍റെയില്‍ 1474 ഉം ഗോളുകള്‍ ബാഴ്‌സലോണ നേടി.

വിയ്യാറയലുമായുള്ള മത്സരത്തില്‍ മൂന്നാം മിനുട്ടില്‍ തന്നെ ഗ്രീസ്മാന്റെ മുന്നേറ്റത്തിലൂടെ ഗോള്‍ നേടിയെങ്കിലും ആല്‍ബയുടെ ക്രോസില്‍ ഗ്രീസ്മാനു മുമ്പേ വിയ്യാറയല്‍ ഡിഫന്റര്‍ പാവോ ടോറസിന്റെ കാല്‍ തട്ടിയതിനാല്‍ ഓണ്‍ ഗോളില്‍ കലാശിക്കുകയായിരുന്നു.

പതിനാലാം മിനുട്ടില്‍ വിയ്യറയല്‍ മൊറേ നേയിലൂടെ സമനില ഗോള്‍ കണ്ടെത്തിയപ്പോള്‍ രണ്ടു താരങ്ങളെ വെട്ടിയൊഴിഞ്ഞ് മെസി നടത്തിയ മുന്നേറ്റത്തിലൂടെ ആദ്യ പകുതിക്കു മുന്നേ സുവാരസിലൂടെ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. രണ്ടാം പകുതിക്കു മുമ്പേ മെസിയുടെ തന്നെ മികച്ച മുന്നേറ്റത്തില്‍ കുതികാല്‍ കൊണ്ട് മറിച്ചുനല്‍കിയ പന്ത് ഗ്രീസ് മാന്‍ വലയിലെത്തിച്ചു. 87 ആം മിനുട്ടിലാണ് അന്‍സു ഫാറ്റിയിലൂടെ ചരിത്രം രചിച്ച ഗോള്‍ പിറന്നത്. ഇതോടെ ബാഴ്‌സയുടെ ലീഗ് നാലായി ഉയര്‍ന്നു.

ലാലിഗ അവസാനിക്കാന്‍ ഏതാനും മത്സരം മാത്രം അവശേഷിക്കെ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. നാല് പോയന്റ് വ്യത്യസത്തില്‍ റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.