തോറ്റമ്പി റയൽ മാഡ്രിഡ്, കിരീടത്തിനു ഒരു വിജയം മാത്രമകലെ ബാഴ്‌സലോണ

ലാ ലിഗയിൽ വീണ്ടും അടിപതറി റയൽ മാഡ്രിഡ്. റയൽ സോസിഡാഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗ് കിരീടം ബാഴ്‌സലോണക്ക് മുന്നിൽ അടിയറവ് വെച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്. അതേസമയം ഒസാസുനക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അവസാനമിനുട്ടുകളിൽ വിജയഗോൾ നേടി ബാഴ്‌സലോണ ലീഗ് വിജയത്തിന് അരികിലെത്തി.

റയൽ സോസിഡാഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവിയാണു റയൽ മാഡ്രിഡ് വഴങ്ങിയത്. മുൻ റയൽ മാഡ്രിഡ് താരമായ ടകേഫുസെ കുബോയാണ് സ്വന്തം മൈതാനത്ത് റയൽ സോസിഡാഡിന്റെ ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം കാർവാഹാൾ ചുവപ്പുകാർഡ് നേടിയതോടെ റയൽ മാഡ്രിഡിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു.

ആൻഡർ ബാരനെക്സ്റ്റി കൂടി ഗോൾ നേടിയതോടെ റയൽ സോസിഡാഡ് മത്സരത്തിൽ വിജയമുറപ്പിച്ചു. കഴിഞ്ഞ മൂന്നു മത്സരത്തിനിടെ റയൽ മാഡ്രിഡ് വഴങ്ങുന്ന രണ്ടാമത്തെ തോൽവിയാണു ഇന്നലത്തെ മത്സരത്തിൽ ഉണ്ടായത്. ലൂക്ക മോഡ്രിച്ച്, കരിം ബെൻസിമ എന്നീ താരങ്ങളുടെ അഭാവം റയൽ മാഡ്രിഡിനെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ഇന്നലത്തെ മത്സരം തെളിയിച്ചു.

അതേസമയം പത്തു പേരായി ചുരുങ്ങിയിട്ടും ഒസാസുന നടത്തിയ പോരാട്ടവീര്യത്തെ അവസാന മിനിറ്റുകളിൽ മറികടന്നാണ് ബാഴ്‌സലോണ വിജയം നേടിയത്. ജോർഡി ആൽബയാണ് എൺപത്തിനാലാം മിനുട്ടിൽ ടീമിന്റെ വിജയഗോൾ നേടിയത്. ഇതോടെ റയൽ മാഡ്രിഡിനെക്കാൾ പതിനാലു പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ. എസ്പാന്യോളുമായി നടക്കുന്ന അടുത്ത മത്സരത്തിൽ വിജയം നേടിയ ബാഴ്‌സലോണ ലീഗ് വിജയികളാകും.

You Might Also Like