കുട്ടീന്യോയെ വച്ച് മറ്റൊരു സ്വാപ് ഡീലിനൊരുങ്ങി ബാഴ്സലോണ

ബാഴ്സലോണയിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീന്യോയെ വച്ച് മറ്റൊരു സ്വാപ് ഡീലിന് ബാഴ്സലോണ ഒരുങ്ങുന്നു. ഇത്തവണ പ്രീമിയർ ലീഗ് ക്ലബായ ആഴ്സനലുമായാണ് ബാഴ്സയുടെ ട്രാൻസ്ഫർ ചർച്ചകൾ നടക്കുന്നത്. നേരത്തെ യുവന്റസ് താരമായ പ്യാനിച്ചിനെ സ്വന്തമാക്കി ബാഴ്സ ബ്രസീലിയൻ താരം ആർതറിനെ പകരം നൽകിയിരുന്നു.

ഫൂട്ട് മെർകാട്ടോയുടെ റിപ്പോർട്ടുകൾ പ്രകാരം കുട്ടീന്യോയെ നൽകി ആഴ്സനലിന്റെ മധ്യനിര താരമായ മാറ്റിയോ ഗുണ്ടോസിയെ സ്വന്തമാക്കാനാണ് ബാഴ്സയുടെ പദ്ധതി. പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരവു കൊതിക്കുന്ന കുട്ടീന്യോക്ക് അനുയോജ്യമായ ഇടമായിരിക്കും ആഴ്സനൽ. ഇരുപത്തിയെട്ടുകാരനായ ബ്രസീലിയൻ താരത്തിനു വേണ്ടി ചെൽസി, ടോട്ടനം, ലൈസ്റ്റർ സിറ്റി, ന്യൂകാസിൽ എന്നിവരെല്ലാം രംഗത്തുണ്ട്.

അതേ സമയം ആഴ്സനലിൽ സ്ഥിരമായി ഇടം ലഭിക്കുമെന്നു പ്രതീക്ഷയില്ലാത്ത ഗുണ്ടോസിക്കും ഈ ട്രാൻസ്ഫർ ഗുണകരമാണ്. കളിക്കളത്തിലുണ്ടാക്കിയ പ്രശ്നങ്ങൾ മൂലം പരിശീലകനായ അർടേട്ട ഫ്രഞ്ച് താരത്തിന് ടീമിൽ അവസരങ്ങൾ നൽകുന്നതു കുറവാണ്. ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള ഗുണ്ടോസിക്ക് ഇനിയും മികവു കാണിക്കാൻ സമയമുണ്ടെന്നത് ബാഴ്സക്കു പ്രതീക്ഷയാണ്.

ഈ കൈമാറ്റക്കാരാർ നടക്കാനുള്ള സാധ്യതകൾ വളരെക്കൂടുതലാണ്. കുട്ടീന്യോയിൽ താൽപര്യമുള്ള ആഴ്സനൽ ഡയറക്ടർ എഡുവിന് ബ്രസീലിയൻ താരത്തിന്റെ ഏജന്റുമായി അടുപ്പമുണ്ട്. ഡേവിഡ് ലൂയിസ്, സെഡ്രിക് എന്നിവരുടെ ഏജൻറും ഇയാൾ തന്നെയാണ്. കുട്ടീന്യോയിൽ എഡുവിനു താൽപര്യമുള്ള പോലെ ബാഴ്സ നേതൃത്വത്തിന് ഫ്രഞ്ച് താരത്തിലും താൽപര്യമുണ്ട്.

You Might Also Like