മറ്റൊരു താരത്തിന് കൂടി പരിക്ക്, ബാഴ്സ പ്രതിരോധം വൻ പ്രതിസന്ധിയിൽ

Image 3
FeaturedFootball

ഓഗസ്റ്റ്  എട്ടിന് നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള  തയ്യാറെടുപ്പുകൾ  തുടങ്ങാനിരിക്കെ മറ്റൊരു പ്രതിരോധതാരത്തെ കൂടി ബാഴ്സക്ക്  നഷ്ടപ്പെട്ടിരിക്കുകയാണ്. ബാർസലോണ ബി ക്ക് വേണ്ടി പ്ലേ ഓഫ്‌  ഫൈനൽ  കളിക്കുന്നതിനിടെ പ്രതിരോധനിരതാരം  റൊണാൾഡ്‌  അറോഹോക്കാണ്  പരിക്കുപറ്റിയത്.

താരത്തിന്റെ വലതുകണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്.

മത്സരത്തിൽ സബാഡെല്ലിനെതിരെ പ്ലേ ഓഫ്‌ ഫൈനലിൽ തോൽവിയറിയാനായിരുന്നു ബാഴ്സ ബിയുടെ വിധി. അതേസമയം അറോ ഹോക്ക് കൂടി പരിക്കേറ്റതോടെ ബാഴ്സയുടെ സെന്റർ ബാക്ക് പൊസിഷനിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. നാല് സെന്റർ ബാക്കുമാരിൽ ഇനി ഒരാളെ മാത്രമേ ബാഴ്സക്ക് ലഭ്യമാവുകയൊള്ളൂ.

നിലവിൽ ബാഴ്സയുടെ സെന്റർ ബാക്കുമാരായ സാമുവൽ ഉംറ്റിറ്റി, ക്ലമന്റ് ലെങ്ലെറ്റ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഇവരോടൊപ്പം  റൊണാൾഡ് അറോഹോ കൂടി ചേരുന്നതോടെ ബാഴ്സ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനി ബാഴ്സക്ക് അവശേഷിക്കുന്ന ഏക സെന്റർ ബാക്ക് ജെറാർഡ് പിക്വെ മാത്രമാണ്.

ഓഗസ്റ്റ് എട്ടിനാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ബാഴ്സ നാപോളിയോട് ഏറ്റുമുട്ടുന്നത്. ആദ്യപാദത്തിൽ 1-1 സമനിലയായിരുന്നു. അതേസമയം സെർജിയോ ബുസ്ക്കെറ്റ്സ്, ആർതുറോ വിദാൽ എന്നിവരെയും സസ്‌പെൻഷൻ മൂലം ചാമ്പ്യൻസ് ലീഗിൽ നാപോളിക്കെതിരെ കളിക്കാൻ സാധിക്കാതെ വരുന്നതോടെ ബാഴ്സക്ക് പ്രതിരോധത്തിലും മധ്യനിരയിലും മികച്ച താരങ്ങളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.