റയൽ മാഡ്രിഡിന് നാണക്കേടിന്റെ പടുകുഴിയിൽ തള്ളിയിട്ട് ബാഴ്‌സലോണ, തുടർച്ചയായ മൂന്നാം തോൽവി

സ്‌പാനിഷ്‌ ലീഗ് കിരീടപ്പോരാട്ടത്തിൽ നിർണായകമായ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സലോണ. സമനിലയിലേക്ക് പോകുമായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഇതോടെ സ്‌പാനിഷ്‌ ലീഗിൽ പന്ത്രണ്ടു പോയിന്റ് ലീഡ് നേടാനും ബാഴ്‌സലോണക്ക് കഴിഞ്ഞു.

ബാഴ്‌സലോണയുടെ മൈതാനത്ത് റയൽ മാഡ്രിഡ് ലീഡ് നേടിയാണ് മത്സരം ആരംഭിച്ചത്. ഒൻപതാം മിനുട്ടിൽ വിനീഷ്യസിന്റെ ക്രോസ് തടയാനുള്ള അരഹോയുടെ ശ്രമം സെൽഫ് ഗോളിൽ അവസാനിച്ചു. എന്നാൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ ബാഴ്‌സലോണ ഹാഫ് ടൈമിന് മുൻപ് തന്നെ സെർജി റോബർട്ടോ നേടിയ ഗോളിലൂടെ തിരിച്ചടിച്ചു. ബാഴ്‌സലോണ അർഹിച്ച ഗോൾ തന്നെയായിരുന്നു അത്.

രണ്ടു ടീമുകളും വിജയത്തിനായി ശ്രമിച്ച രണ്ടാം പകുതി തൊണ്ണൂറു മിനുട്ട് പൂർത്തിയായിട്ടും ഗോളുകളൊന്നും പിറക്കാത്തതിനാൽ മത്സരം സമനിലയിൽ അവസാനിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ ബാൾഡേ നടത്തിയ തകർപ്പൻ മുന്നേറ്റത്തിനു ശേഷം നൽകിയ അളന്നു മുറിച്ച് ബോക്‌സിലേക്ക് നൽകിയ പാസ് കെസി വലയിലേക്ക് കൃത്യമായി എത്തിച്ചതോടെ മത്സരം ബാഴ്‌സലോണ സ്വന്താമാക്കി.

തുടർച്ചയായ മൂന്നാമത്തെ എൽ ക്ലാസിക്കോ മത്സരമാണ് റയൽ മാഡ്രിഡ് തോൽക്കുന്നത്. ഈ വർഷം സ്‌പാനിഷ്‌ സൂപ്പർകപ്പ്, കോപ്പ ഡെൽ റേ എന്നീ മത്സരങ്ങളിൽ റയൽ മാഡ്രിഡ് തോറ്റിരുന്നു. ഈ സീസണിലിനി ഒരു എൽ ക്ലാസിക്കോ മത്സരം കൂടി ബാക്കിയുണ്ട്. കോപ്പ ഡെൽ റേ രണ്ടാംപാദ മത്സരത്തിലാണ് രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. അതിൽ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്.

You Might Also Like