സുവാരസ്- വിദാൽ ട്രാൻസ്ഫർ വൈകുന്നു, ബാഴ്‌സ വീണ്ടും പ്രതിസന്ധിയിൽ

ബാഴ്സക്ക് അടുത്ത സീസണിലേക്ക് ആവശ്യമില്ലെന്നു പരിശീലകൻ റൊണാൾഡ് കൂമാൻ വ്യക്തമാക്കിയ രണ്ടു താരങ്ങളാണ് ലൂയിസ് സുവാരസും അർടുറോ വിദാലും.രണ്ടു പേർക്കും ബാഴ്സയുമായി ഇനിയും കരാർ അവശേഷിക്കുന്നുണ്ട്. ബാഴ്സ ക്ലബ് വിടാൻ നിർബന്ധിച്ച സാഹചര്യത്തിൽ ഇരുവരും പുതിയ ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

രണ്ട് പേരും ഇറ്റാലിയൻ ലീഗിലേക്ക് ചേക്കേറുമെന്നു ഏറെ കുറെ ഉറപ്പായ സാഹചര്യമുണ്ടായിരുന്നു. സുവാരസ് പിർലോയുടെ യുവന്റസിലേക്കും വിദാൽ ഇന്റർമിലാനിലേക്കുമാണ് ചേക്കേറുകയെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇരുവരും ക്ലബുകളുമായി വ്യക്തിപരമായ നിബന്ധനകളും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം ഇരുവരും ടീം വിടാൻ വൈകുന്നുവെന്നതാണ്.

സാമ്പത്തികപരമായ കാരണങ്ങളാണ് രണ്ട് പേരും ഉന്നയിച്ചിരിക്കുന്നത്. ഇരുവർക്കും കരാർ ബാക്കിയുണ്ടായിട്ടും തങ്ങളെ പറഞ്ഞു വിടുന്നതിൽ പ്രതിഷേധിച്ച് ബാക്കിയുള്ള ശമ്പളവും നൽകണമെന്നാണ് ഇരുവരുടെയും ആവശ്യം. വ്യക്തമായി പറയുകയാണെങ്കിൽ ബാഴ്സ തങ്ങൾക്ക് ശമ്പളഇനത്തിൽ ബാക്കിയുള്ള വർഷത്തെ തുക ലഭിച്ചാൽ മാത്രമേ ക്ലബ് വിടുകയുള്ളുവെന്ന നിലപാടിലാണ് വിദാലും സുവാരസും.

എന്നാൽ ബാഴ്സ ഇതിന് തയ്യാറാവുന്നില്ല. കൂടാതെ ബാഴ്സ ഇരുവരെയും ഒഴിവാക്കി വിടാൻ തീരുമാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിൽ തങ്ങളെ കൈമാറണമെന്നും ഇവർ മുന്നോട്ടുവെക്കുന്നു. എന്നാൽ സാമ്പത്തികപ്രതിസന്ധിയിലുള്ള ബാഴ്സ ഇതിനു മുതിർന്നേക്കില്ലെന്നുറപ്പായിരിക്കുകയാണ്. സുവാരസിന് ഇറ്റാലിയൻ പാസ്സ്പോർട്ടില്ലാത്തതും മറ്റൊരു കീറാമുട്ടിയായിരിക്കുകയാണ്. ട്രാൻസ്ഫർ വൈകുന്നതോടെ പുതിയ താരങ്ങളെ വാങ്ങുന്നതിനും ബാഴ്സക്ക് തലവേദനയായിരിക്കുകയാണ്‌.

You Might Also Like