എട്ടിന്റെ പണി, മെസിയുടെ കാര്യത്തില്‍ നിര്‍ണ്ണായക നിലപാടെടുത്ത് ബാഴ്‌സ പ്രസിഡന്റ്

സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിടുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ മെസിയുടെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യു. ബാഴ്സ ടിവിക്ക് നൽകിയ അഭിമുഖത്തിൽ മെസി ബാഴ്സയിൽ തന്നെ തുടരുമെന്ന് ബർതോമ്യു വെളിപ്പെടുത്തി.

മെസിക്ക് ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹവുമായി താൻ സംസാരിക്കാറുണ്ടെന്നും ബർതോമ്യു വ്യക്തമാക്കി. കൂടാതെ മെസിയാണ് ബാഴ്സയുടെ പ്രധാനപ്പെട്ട താരമാണെന്നും പുതിയ പരിശീലകൻ കൂമാന്റെ പുതിയ പദ്ധതികളിലെ പ്രധാനി മെസ്സി തന്നെയാണെന്നും ബർതോമ്യു അഭിപ്രായപ്പെട്ടു.

“മെസിക്ക് അദ്ദേഹത്തിന്റെ കരിയർ ബാഴ്സയിൽ അവസാനിപ്പിക്കാനാണ് ആഗ്രഹം. ഞാൻ ശരിയായ ഇടവേളകളിൽ മെസിയുമായും അദ്ദേഹത്തിന്റെ പിതാവുമായും സംസാരിക്കാറുണ്ട്. തീർച്ചയായും അദ്ദേഹം ഞങ്ങളുടെ പദ്ധതിയുടെ ഭാഗം തന്നെയാണ്. ബാഴ്സയുടെ പുതിയ പരിശീലകനായ കൂമാൻ എന്നോട് ഇതിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. മെസിയാണ് തന്റെ തന്ത്രങ്ങളിലെ പ്രധാനതാരമെന്നു.” ബർതോമ്യു വ്യക്തമാക്കി.

സൂപ്പർ താരം നെയ്മർ ജൂനിയറെ ഈ ട്രാൻസ്ഫറിൽ ക്ലബിൽ എത്തിക്കാൻ കഴിയില്ലെന്ന് അറിയിച്ച പ്രസിഡന്റ്‌ ലൗറ്ററോയുടെ ട്രാൻസ്ഫർ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. കൂടാതെ ബാഴ്‌സ വിൽക്കാൻ ഉദ്ദേശിക്കാത്ത താരങ്ങളെ കുറിച്ചും ബർതോമ്യു അറിയിച്ചിരുന്നു. ലയണൽ മെസി, ടെർസ്റ്റീഗൻ, ലെങ്ലെറ്റ്, ഡിജോങ്, സെമെടോ, ഗ്രീസ്‌മാൻ എന്നീ താരങ്ങളെ വിൽക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ ഇവർ ഒഴികെയുള്ള താരങ്ങളുടെ ഭാവി അവതാളത്തിലായിരിക്കുകയാണ്.

You Might Also Like