കടുത്ത തീരുമാനങ്ങൾ ഉടൻ, ക്ഷമയാചിച്ച് ബാഴ്‌സ പ്രസിഡന്റ്

Image 3
Champions LeagueFeaturedFootball

ബയേണുമായുള്ള ചാമ്പ്യൻസ്‌ലീഗ് ക്വാർട്ടർ ഫൈനലിൽ ദുരന്തസമാനമായ വലിയൊരു തോൽവിയേറ്റു വാങ്ങിയിരിക്കുകയാണ് ബാഴ്സലോണ. അതിൽ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണ പ്രസിഡന്റ്‌ ജോസെപ് മരിയ ബർതോമ്യു. ആരാധകരോട് ക്ഷമ ചോദിച്ച ഇദ്ദേഹം കടുത്ത തീരുമാനങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പ് നൽകികൊണ്ടാണ് തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.

ക്വാർട്ടറിൽ ബയേണിനോട് 8-2 എന്ന വമ്പൻ സ്കോറിന് ബാഴ്സ തകർന്നു തരിപ്പണമാവുകയായിരുന്നു. ഇതിന്റെ സങ്കടവും നിരാശയും അമർഷവും പങ്കുവെക്കുകയായിരുന്നു ബർതോമ്യു. ബാഴ്സയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ബർതോമ്യു മത്സരത്തിലെ നാണംകെട്ട തോൽവിയെ കുറിച്ച് പ്രതികരിച്ചത്. വരും ദിവസങ്ങളിൽ വളരെ നിർണായകമായ മാറ്റങ്ങൾ ടീമിനകത്ത് സംഭവിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു.

“വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഒരു രാത്രിയാണിന്ന്. ബാഴ്സ ആരാധകരോടും കുടുംബത്തോടും താരങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇങ്ങനെയല്ല ശരിക്കും നമ്മൾ പ്രതിനിധീകരിക്കുന്ന ക്ലബ്. ചില തീരുമാനങ്ങൾ ഞങ്ങൾ എടുത്തിട്ടുണ്ട്. കുറച്ചു തീരുമാനങ്ങൾ ഇനി വരും ദിവസങ്ങളിലും അടുത്ത ആഴ്ച്ചകളിലും ഉണ്ടാവും.”

“ഇതൊന്ന് അടങ്ങിയ ശേഷം വേണം ഞങ്ങൾക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ. ഈ വലിയ തോൽവിയിൽ നിന്നും പാഠമുൾകൊണ്ട് നാളെ ഉയർത്തെഴുന്നേൽക്കാൻ ഞങ്ങൾ ശ്രമിക്കും. ഇതൊരു പൂർണ്ണമായും തകർത്തുകളഞ്ഞ മത്സരഫലമാണ്. ഞാൻ ബയേണിനെ അഭിനന്ദിക്കുന്നു. നല്ല രീതിയിൽ കളിച്ചു. അവർ ജയവും സെമി ഫൈനലും അർഹിച്ചവരാണ്. ഈ അവസരത്തിൽ ആരാധകരോടും അംഗങ്ങളോടും ക്ഷമ മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്” ബർതോമ്യു അഭിപ്രായപ്പെട്ടു.