വമ്പൻ ജയത്തിലും ബാഴ്സക്കു മുന്നറിയിപ്പു നൽകി സൂപ്പർതാരം

നിരാശപ്പെടുത്തിയ ഒരു സീസണിന്റെ അവസാനം നടന്ന മത്സരത്തിൽ ആശ്വാസപ്പെടുത്തുന്ന വിജയമാണ് ബാഴ്സ ഇന്നലെ നേടിയത്. ഒസാസുനക്കെതിരായ മത്സരത്തിൽ സ്വന്തം മൈതാനത്തു തോൽവി വഴങ്ങിയ ടീം ഇന്നലെ അലാവസിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണു തകർത്തത്. എന്നാൽ ആ പ്രകടനം കൊണ്ട് ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിയില്ലെന്നാണ് മധ്യനിര താരമായ ഡി ജോംഗ് പറയുന്നത്.

“ഒസാസുനക്കെതിരെ കാഴ്ച വെച്ചതിനേക്കാൾ മികച്ച പ്രകടനം അലാവസിനെതിരെ ബാഴ്സ നടത്തി. ഒരു ടീമെന്ന നിലയിൽ ബാഴ്സ ഒറ്റക്കെട്ടായി നിന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ മുന്നേറണമെങ്കിൽ ഇതിനേക്കാൾ മികച്ച പ്രകടനം ടീം കാഴ്ച വെക്കേണ്ടതുണ്ട്.” മെൻഡിസൊറാസോയോടു സംസാരിക്കുമ്പോൾ ഡി ജോംഗ് പറഞ്ഞു.

“ബാഴ്സയുടെ പ്രസിംഗിലും കൂടുതൽ മെച്ചപ്പെടാനുണ്ട്. പന്തു നഷ്ടപ്പെടുമ്പോൾ ബാഴ്സ പലപ്പോഴു പ്രസ് ചെയ്യുന്നില്ല. ഒരു ടീമെന്ന നിലയിൽ ഒരുങ്ങിയതു കൊണ്ടു തന്നെ ചാമ്പ്യൻസ് ലീഗിനെ ലക്ഷ്യം വെച്ച് ടീമിനു ഒരുക്കങ്ങൾ നടത്താം. തലയുയർത്തി ആത്മവിശ്വാസത്തോടെ നാപോളിയെ നേരിടാനാണ് ബാഴ്സ ഇനി തയ്യാറെടുക്കേണ്ടത്.”

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യപാദത്തിൽ നാപോളിക്കെതിരെ ബാഴ്സ സമനില വഴങ്ങുകയായിരുന്നു. രണ്ടാം പാദം ക്യാമ്പ് നൂവിൽ വച്ചാണെങ്കിലും കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ബാഴ്സയുടെ പ്രകടനം മോശമായത് ആരാധകർക്ക് ഉത്കണ്ഠയുണ്ടായിരുന്നു. എന്നാൽ അവസാന മത്സരത്തിലെ വിജയം ടീമിനു പ്രതീക്ഷ നൽകിയിട്ടുണ്ട്.

You Might Also Like