ലൈസ്റ്റർ പ്രതിരോധ താരത്തിനായി ബാഴ്സ ശ്രമം നടത്തുന്നുണ്ടെന്ന് ഏജൻറ്

ഈ സീസണിൽ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്ന ലൈസ്റ്റർ സിറ്റിയുടെ പ്രധാന പ്രതിരോധതാരമായ കാഗ്ളർ സൊയുൻകുവിനു വേണ്ടി ബാഴ്സലോണ രംഗത്തുണ്ടെന്നു താരത്തിന്റെ ഏജന്റ്. താരം ജർമൻ ക്ലബായ ഫ്രീബർഗിൽ നിന്നും ലൈസ്റ്റർ സിറ്റിയിലേക്കു ചേക്കേറുന്നതിനു മുൻപു തന്നെ ബാഴ്സക്കു താൽപ്പര്യമുണ്ടായിരുന്ന കാര്യവും ഏജൻറായ മുസ്തഫ ഡോഗ്രു വെളിപ്പെടുത്തി. സ്പാനിഷ് മാധ്യമം എഎസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബാഴ്സലോണ സൊയൻകുവിനെ ഈ സമ്മറിൽ സ്വന്തമാക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. 2016ൽ തുർക്കിഷ് ക്ലബിൽ നിന്നും താരം ഫ്രീബർഗിലേക്കു ചേക്കേറുമ്പോൾ തന്നെ ബാഴ്സലോണക്കു സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്നു. അവരുമായി ചർച്ചകൾ നടത്തുകയും മികച്ചൊരു പ്രൊജക്ട് അവർ ഞങ്ങൾക്കു മുന്നിൽ വെക്കുകയും ചെയ്തു.”

“എന്നാൽ ആദ്യ ഇലവനിൽ സ്ഥിരമായി ഇടം പിടിക്കാൻ കഴിയുന്ന ടീമിലേക്കാണ് താരത്തിനു ചേക്കേറാൻ താൽപര്യമുണ്ടായിരുന്നത്. അതു കൊണ്ടാണ് ഫ്രീബർഗിലേക്ക് താരം ചേക്കേറിയത്. പ്രീമിയർ ലീഗിൽ താരം ലിവർപൂളിലേക്കു മാത്രമാണു ചേക്കേറാൻ സാധ്യത. യൂറോപ്പിൽ പിഎസ്ജിയും സൊയുൻകുവിനെ സ്വന്തമാക്കാൻ സാധ്യതയുണ്ട്.” ഡോഗ്രു പറഞ്ഞു.

അതേസമയം ലൈസ്റ്റർ സിറ്റി വിടാൻ തനിക്കു താൽപര്യം ഒന്നുമില്ലെന്നാണ് സൊയുൻകു പറയുന്നത്. മികച്ച സീസണാണ് ഇപ്പോൾ പൂർത്തിയാക്കിയതെന്നും ഇനിയും ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ ബാക്കിയുണ്ടെന്നുമാണ് ഇരുപത്തിനാലുകാരനായ താരം പറയുന്നത്.

You Might Also Like