ബാഴ്‌സലോണയിൽ മെസിയെ തിരിച്ചെത്തിക്കാനുള്ള ആവശ്യം മുറുകുന്നു,

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്നുള്ള വാർത്തയാണ് ഫുട്ബോൾ ആരാധകരെ ഇപ്പോൾ ആവേശം കൊള്ളിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി പിഎസ്‌ജിയിൽ കളിക്കുന്ന ലയണൽ മെസി ക്ലബിനൊപ്പം ഒട്ടും തൃപ്തനല്ല എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് താരം ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി വരുന്നത്.

ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ബാഴ്‌സലോണ നേതൃത്വവും പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ചർച്ചകൾ നടത്തുന്നുണ്ടെന്നും സാധ്യമെങ്കിൽ അത് സംഭവിക്കുമെന്നാണ് ബാഴ്‌സലോണ വൈസ് പ്രസിഡന്റും ക്ലബിന്റെ പരിശീലകനായ സാവിയും വ്യക്തമാക്കിയത്.

അതിനിടയിൽ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള സമ്മർദ്ദം ബാഴ്‌സലോണ ആരാധകർ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിറോണയുമായി നടന്ന ലീഗ് മത്സരത്തിന്റെ പത്താം മിനുട്ടിൽ ലയണൽ മെസിയുടെ പേര് വിളിച്ചു കൊണ്ടുള്ള ചാന്റ് ബാഴ്‌സലോണ ആരാധകർ ഉയർത്തിയിരുന്നു. മെസിയെ തിരിച്ചെത്തിക്കണം എന്ന ആവശ്യമാണ് ഇതിലൂടെ അവർ ഉയർത്തുന്നത്.

ഇത് ആദ്യമായല്ല ലയണൽ മെസിയെക്കുറിച്ചുള്ള ചാന്റുകൾ ബാഴ്‌സലോണ ആരാധകർ ഉയർത്തുന്നത്. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിലും സമാനമായ സംഭവം നടന്നിരുന്നു. പിഎസ്‌ജി ആരാധകർ മെസിയെ കൂക്കി വിളിക്കുമ്പോഴാണ് ബാഴ്‌സലോണ ആരാധകർ തങ്ങളുടെ ഇതിഹാസത്തിനായി ഓരോ മത്സരത്തിലും ആരവമുയർത്തുന്നത്.

മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണയുടെ മുന്നിലുള്ള പ്രധാന തടസം ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. എന്നാൽ അതിനെ മറികടക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. സ്‌പോൺസർഷിപ്പ് ഡീലുകൾ അടക്കമുള്ളവ ഉണ്ടാക്കിയെടുത്ത് മെസിയെ സ്വന്തമാക്കാമെന്നാണ് ബാഴ്‌സലോണ നേതൃത്വം കരുതുന്നത്.

You Might Also Like