സിറ്റി സൂപ്പർതാരത്തിനായി ബാഴ്‌സ, സെമെഡോയെ ഡീലിൽ ഉൾപ്പെടുത്തും.
ഇവാൻ റാക്കിറ്റിച് ഈ സീസണോടെ ക്ലബ്ബ് വിടുന്നതോടെ മധ്യനിരയിൽ പുതിയ പരിചയസമ്പന്നനായ മിഡ്‌ഫീൽഡറെ തേടുകയാണ് ബാഴ്‌സ. മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരമായ ബെർണാഡോ സിൽവയെ ബാഴ്സയിലെത്തിക്കാനുള്ള ശ്രമം ബാഴ്‌സ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
കഴിഞ്ഞ വർഷത്തെ മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ട താരമാണെങ്കിലും യുവതാരമായ ഫിൽ ഫോഡന്റെ വരവോടെ സിൽവക്ക് അവസരങ്ങൾ കുറഞ്ഞതാണ് ബാഴ്‌സയെ താരത്തിനു വേണ്ടി ശ്രമിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. വെറും 23 മത്സരങ്ങൾ മാത്രമാണ് പ്രീമിയർലീഗിൽ താരത്തിനു ഈ സീസണിൽ പെപ്പിന്റെ കീഴിൽ കളിക്കാനായത്.
ഇംഗ്ലീഷ് മാധ്യമമായ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് താരത്തിനു വേണ്ടി മറ്റൊരു താരവും പണവുമടങ്ങുന്ന കരാറാണ് ബാഴ്‌സ മുന്നോട്ടുവെക്കുന്നത്. ബാഴ്‌സയുടെ നിലവിലെ റൈറ്റ്ബാക്കായ നെൽസൺ സെമെഡോയെ ഡീലിൽ ഉൾക്കൊള്ളിക്കാൻ ബാഴ്‌സ ശ്രമിക്കും. കൊറോണ ലോക്ക്ഡൗണിനു ശേഷം ബാഴ്‌സ ഇത്തരം ഡീലുകൾക്കാണ് മുൻതൂക്കം നൽകുന്നത്.
ആർതർ- പ്യാനിച്ച് ഡീൽ ഇതിനൊരുദാഹരണം മാത്രമാണ്. 45 മില്യൺ യുറോക്കാണ് മൊണാക്കോയിൽ നിന്നും സിൽവ സിറ്റിയിലേക്ക് ചേക്കേറുന്നത്. എന്നാൽ ഈ സീസണിൽ ഫിൽ ഫോഡൻ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നതും റിയാദ് മെഹ്റസിനു സിൽവയെക്കാൾ മുൻതൂക്കം പെപ് നൽകുന്നതും താരത്തിനെ ബാഴ്‌സയിലേക്കെത്തിക്കുന്നതിനു വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.