ജനുവരിയിൽ സിറ്റി താരത്തെ വേണ്ട, ബാഴ്സ ബി താരത്തിൽ വിശ്വാസമർപ്പിച്ച് കൂമാൻ

ബാഴ്‌സ പ്രതിരോധത്തിലെ പ്രധാന താരമായിരുന്ന ജെറാർഡ് പിക്വേക്ക് പരിക്കേറ്റത് പരിശീലകൻ കൂമാനെ സംബന്ധിച്ചു വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പകരക്കാരനായിരുന്ന റൊണാൾഡ്‌ അറോഹോക്കും പരിക്കായതിനാൽ കൂമാൻ ബാഴ്സ ബി താരമായ ഓസ്കാർ  മിൻഗ്വേസയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. എന്നാൽ മിൻഗ്വേസ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ കൂമാനിൽ സമ്മർദ്ദം ഒരു പരിധിവരെ കുറഞ്ഞുവെന്നു പറയാം.

മിൻഗ്വേസയിറങ്ങിയ മൂന്നു മത്സരങ്ങളിലും ബാഴ്സക്ക് ക്ലീൻഷീറ്റ് നേടാനായെന്നത് മാത്രമല്ല പക്വതയാർന്ന പ്രകടനം കൂമാന്റെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്. ലാലിഗയിൽ ഒസാസുനക്കെതിരെയും ചാമ്പ്യൻസ്‌ലീഗിൽ ഡൈനമോകീവിനെതിരെയും ഫെറെൻക്വാരോസിനെതിരെയും മികച്ച പ്രകടനം നടത്തിയെങ്കിലും കൂമാൻ താരത്തിൽ നിന്നും ഇനിയും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും ഇനിയും മെച്ചപ്പെടാനുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

മിൻഗ്വേസയിൽ  വിശ്വാസമർപ്പിച്ചതോടെ വരുന്ന ജനുവരി ട്രാൻസ്ഫറിൽ പുതിയ സെന്റർബാക്കിനായി ശ്രമിക്കേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് കൂമാൻ. പിക്വേ പുറത്തായതോടെ  മാഞ്ചസ്റ്റർ സിറ്റി യുവപ്രതിരോധതാരമായ എറിക് ഗാർഷ്യയെ ജനുവരിയിൽ സ്വന്തമാക്കാൻ ബാഴ്സ പദ്ധതിയിട്ടിരുന്നു. ഈ വർഷം കരാർ അവസാനിക്കാനിരിക്കുന്ന താരം സിറ്റിയുമായി ഇതു വരെയും കരാർ പുതുക്കാൻ സമ്മതിച്ചിട്ടില്ല.

അതുകൊണ്ടു തന്നെ താരത്തെ സീസൺ അവസാനത്തിൽ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാമെന്ന നിലപാടാണ് ബാഴ്സ നിലവിൽ എടുത്തിരിക്കുന്നത്. റൊണാൾഡ്‌ അറോഹോ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തുന്നതും സാമുവൽ ഉംറ്റിട്ടി ദീർഘകാല പരിക്കിൽ നിന്നും തിരിച്ചുവരവിന്റെ പാതയിലാണെന്നതും ബാഴ്‌സയെ മാറ്റി ചിന്തിപ്പിക്കുകയായിരുന്നു. ബാഴ്സ ബി ടീമിനൊപ്പം അടുത്തിടെ ഉംറ്റിട്ടി പരിശീലനത്തിനിറങ്ങിയിരുന്നു.

You Might Also Like