പിഎസ്‌ജിക്ക് മെസിയെ വേണമെന്നാവശ്യപ്പെട്ടാൽ ബാഴ്‌സക്ക് തടയാനാവില്ല, പ്രസിഡന്റ് സ്ഥാനാർത്ഥി പറയുന്നു

ബാഴ്‌സലോണയുടെ പ്രസിഡന്റ് ഇലക്ഷൻ പ്രചാരണം ചൂടു പിടിച്ചതോടെ പുതിയ സ്ഥാനാർത്ഥികളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് സൂപ്പർതാരം ലയണൽ മെസിയെ ബാഴ്സയിൽ തന്നെ നിലനിർത്തുകയെന്നത്. എന്നാൽ ഇക്കാര്യത്തിൽ നിസ്സഹായത വ്യക്തമാക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനാർഥികളിലൊരാളായ ഓഗസ്റ്റി ബെനെഡെറ്റോ.

മെസിക്ക് വേണ്ടി പിഎസ്‌ജി ശ്രമമാരംഭിച്ചാൽ കാറ്റാലൻ വമ്പൻമാർക്ക് അവരെ നേരിടുകയെന്നത് വളരെ ബുദ്ദിമുട്ടാവുമെന്നാണ് ബെനെഡിറ്റോക്ക് പറയാനുള്ളത്. കാരണം നെയ്മറിന്റെ അടുത്തിടെയുള്ള പ്രസ്താവനകൾ അത്രക്ക് ശക്തമായ സൂചനകളാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പാനിഷ് മാധ്യമമായ റേഡിയോ മാർക്കക്ക്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾക്ക് അദ്ദേഹം ബാഴ്സയിൽ തുടരാൻ തന്നെയാണിഷ്ടം. അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. മെസിക്ക് ബാഴ്‌സ വിടാൻ ആഗ്രഹമുണ്ടെന്നത് ഞാൻ കേട്ടതാണ്. തെറ്റായ സമയത്ത് കിടക്കയിൽ നിന്നും എഴുന്നേറ്റു ഒരു ദിവസം എടുത്ത തീരുമാനമല്ല അത്. അതുകൊണ്ട് തന്നെ ആദ്യം ഉണ്ടാവേണ്ടത് അദ്ദേഹത്തിന്റെ അഭിപ്രായത്തിലുള്ള മാറ്റം തന്നെയാണ്. കാരണം ലോകത്തിലെ മെസിയിൽ കണ്ണു വെച്ച ഏതു യൂറോപ്യൻ ടീമിനോടും നമുക്ക് മത്സരിക്കേണ്ടി വരും. സാമ്പത്തികപരമായ പ്രശ്നങ്ങളാണെങ്കിൽ നമുക്ക് അതിനു സാധിച്ചെന്നു വരില്ല.”

“നെയ്മറിന്റെ പ്രസ്താവനകൾ കേട്ടപ്പോൾ ഞാൻ പറഞ്ഞത് ഈ ആളുകളെ വളരെയധികം സൂക്ഷിക്കണമെന്നാണ്. കാരണം പിഎസ്‌ജി ഖത്തറിനു സ്വന്തമാണ്. അവരാണ് ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത്. അവർക്ക് സ്വന്തമായ ക്ലബ്ബാണ് അത്. പിഎസ്‌ജി അദ്ദേഹത്തെ വേണമെന്ന് ആവശ്യപ്പെട്ടാൽ നമുക്ക് സാമ്പത്തികമായി മത്സരിക്കാൻ സാധിക്കില്ല. 20 വർഷത്തെ ബാഴ്‌സലോണ ജീവിതത്തിനു ശേഷം എനിക്കിവിടെ തന്നെ തുടരണമെന്ന് മെസി ഒരിക്കൽ പറയുന്ന ദിവസക് വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” ഓഗസ്റ്റി ബെനെഡിറ്റോ പറഞ്ഞു.

You Might Also Like