ടീമിന്റെ അവിശ്വനീയ പ്രകടനത്തിൽ സന്തുഷ്ടൻ, വിജയം അർഹിച്ചതെന്നു പരിശീലകൻ കൂമാൻ

സെവിയ്യക്കെതിരായ കോപ്പ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾ നേടി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ബാഴ്‌സലോണ. ആദ്യ പാദത്തിൽ ബാഴ്സക്ക് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെവിയ്യയുടെ തട്ടകത്തിൽ തോൽവി രുചിക്കേണ്ടി വരുന്നു. അതിനു വിപരീതമായി രണ്ടാം പാദത്തിൽ ബാഴ്സ മികച്ച തിരിച്ചു വരവ് നടത്തുകയായിരുന്നു.

രണ്ടാം പാദത്തിൽ തുടക്കത്തിൽ തന്നെ ഉസ്മാൻ ഡെമ്പെലെയിലൂടെ ബാഴ്സ ലീഡ് നേടുകയായിരുന്നു. ബാഴ്സക്ക് പിന്നീട് കിട്ടിയ അവസരങ്ങൾ ഗോളിലേക്കെത്താൻ സാധിക്കാതെ പോവുകയായിരുന്നു. 71ആം മിനുട്ടിൽ സെവിയ്യ നടത്തിയ ഒരു പ്രത്യാക്രമണത്തിൽ ഓകമ്പോസിനെ പെനാൽറ്റി ബോക്സിൽ മിൻഗ്വേസ ഫൗൾ ചെയ്തു വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ബാഴ്സ കീപ്പർ സേവ് ചെയ്തതോടെ മത്സരം ബാഴ്സക്ക് അനുകൂലമാവുകയായിരുന്നു.

പിന്നീട് മികച്ച നീക്കങ്ങളോടെ സെവിയ്യയെ ആക്രമിച്ച ബാഴ്സക്ക് സെവിയ്യയുടെ ഫെർണാണ്ടോക്ക് രണ്ടാം മഞ്ഞക്കാർഡിനൊപ്പം ലഭിച്ച ചുവപ്പു കാർഡും ഗുണകരമായി. ഇഞ്ചുറി ടൈമിന്റെ അവസാന സമയത്ത് ഗ്രീസ്മാന്റെ ക്രോസിൽ പിക്വെ ഹെഡറിലൂടെ മികച്ച ഗോൾ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. പത്തു പേരിലേക്ക് ചുരുങ്ങിയ സെവിയ്യക്കെതിരെ ബ്രയിത്വൈറ്റിലൂടെ അധികം വൈകാതെ തന്നെ മൂന്നാം ഗോളും നേടിയതോടെ മത്സരം ബാഴ്സയുടെ വരുതിയിലാവുകയായിരുന്നു.
ഫൈനലിലേക്ക് യോഗ്യത നേടിയതോടെ താരങ്ങളുടെ പ്രകടനത്തെ പ്രശംസിക്കാനും കൂമാൻ മറന്നില്ല.

“ഞങ്ങൾ എല്ലായ്പോഴും വിശ്വസിച്ചിരുന്നു. കോപ്പ വിട്ടു കൊടുക്കരുതെന്ന്. ഇത് ഞങ്ങളുടെ മനോഭാവത്തോടുള്ള ചോദ്യം തന്നെയായിരുന്നു. ഇന്ന്‌ രാത്രി കണ്ടതിൽ വെച്ച് ഒരു പരിശീലകനെന്ന നിലയിൽ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ എനിക്കു ടീമിനോട് പറയാനില്ല. എക്സ്ട്രാ ടൈം വരെ അവർ നന്നായി പൊരുതി. അവിശ്വസനീയമായിരുന്നു അത്. എന്റെ ടീമിന്റെ പരിശ്രമത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഫൈനലിലെത്താൻ ഞങ്ങൾ അർഹരായിരുന്നു. ഇരുപാദങ്ങളിലും ഞങ്ങൾ മികച്ച കളിയാണ് പുറത്തെടുത്തത്. ” കൂമാൻ പറഞ്ഞു.

You Might Also Like