ഗദ്യന്തരമില്ലാ!, അടിയന്തിരാവസ്ഥയിൽ നെയ്മർക്ക് പിന്നാലെ വീണ്ടും ബാഴ്‌സ

Image 3
FeaturedFootball

ബാഴ്സയിൽ അടിയന്തിരാവസ്ഥ നിലനിൽക്കെ നെയ്മറെ ബാഴ്സയിലെത്തിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് ബർതോമ്യുവും സംഘവും. ബാഴ്സയിലെ പ്രമുഖതാരങ്ങൾ ഉൾപ്പടെയുള്ള താരങ്ങളെയെല്ലാം തന്നെ വിട്ടൊഴിവാക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് നെയ്മർ ഗാഥ വീണ്ടും ഉരുത്തിരിയുന്നത്. കൂടാതെ പുതിയ താരങ്ങളെ എത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.

താരത്തെ തിരിച്ചെത്തിക്കാനായാൽ ബാഴ്സക്ക് മികച്ച പ്രകടനത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്നാണ് ക്ലബ് അധികൃതർ വിശ്വസിക്കുന്നത്. അതിനാൽ തന്നെ നെയ്മർക്ക് വേണ്ടി മറ്റൊരു ഓഫർ കൂടി സമർപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് എഫ്സി ബാഴ്സലോണ. 54 മില്യൺ യൂറോയും കൂടാതെ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാനെയുമാണ് ബാഴ്സയുടെ പിഎസ്ജിക്കുള്ള ഓഫർ.

കാറ്റാലൻ മാധ്യമമായ സ്പോർട്ടാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഓഫർ പിഎസ്ജി സ്വീകരിക്കാൻ സാധ്യതയില്ല. അറ്റലാന്റക്കെതിരെയുള്ള തകർപ്പൻ പ്രകടനത്തിന് ശേഷം നെയ്മറെയും എംബാപ്പെയെയും വിൽക്കാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് വെളിപ്പെടുത്തി ക്ലബ് പ്രസിഡന്റ്‌ പരസ്യമായി മുന്നോട്ട് വന്നിരുന്നു. 2017-ൽ 222 മില്യൺ യൂറോയെന്ന എന്ന ലോകറെക്കോർഡ് തുകക്കാണ് താരം പിഎസ്ജിയിൽ എത്തുന്നത്.

ബാഴ്സക്ക് വേണ്ടി 186 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ നേടിയ ശേഷമാണ് താരം ക്ലബ് വിടാനുള്ള തീരുമാനമെടുക്കുന്നത്. ഇതുവരെ അന്യം നിന്നിരുന്ന ചാമ്പ്യൻസ്‌ലീഗ് നേടാനായാണ് പിഎസ്ജി റെക്കോർഡ് തുകക്ക് നെയ്മറെ സ്വന്തമാക്കിയത്. ഈ സീസണിലെ ചാമ്പ്യൻസ്‌ലീഗ് നേടാനായാൽ ഒരു പക്ഷെ താരത്തിനെ ബാഴ്‌സയിലേക്ക് തിരിച്ചുവരാനായി നെയ്മറിന് സാധിച്ചേക്കും.