10 പേരുമായി അത്ഭുത വിജയം, യുവന്റസിന് ഭീഷണിയായി അറ്റ്‌ലാന്റ വീണ്ടും

ഇറ്റാലിയൻ ലീഗ് അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കെ യുവന്റസിനോട്‌ ഒരു പടി കൂടി അടുത്തെത്തിയിരിക്കുകയാണ് അറ്റലാന്റ.  ബൊളോഗ്‌നയോട് ഒരു ഗോളിനു വിജയിച്ചതോടെ ഒന്നാമത് നിൽക്കുന്ന യുവന്റസുമായുള്ള വ്യത്യാസം 6 പോയിന്റാക്കി കുറക്കാൻ ജിയാൻ പിയെറോ ഗാസ്പെറീനിയുടെ കീഴിലുള്ള അറ്റലാന്റക്ക് കഴിഞ്ഞിരിക്കുകയാണ്.

മത്സരത്തിലെ ഭൂരിഭാഗം സമയവും 10 പേരായിട്ടാണ് അറ്റ്‌ലാന്റ കളിച്ചത്. മത്സരത്തിന്റെ 36ാം മനുട്ടില്‍ അറ്റ്‌ലാന്റ താരം ഗസ്‌പെരിനി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയിരുന്നു. എന്നാല്‍ അതൊന്നും ടീമിന്റെ വിജയത്തെ ബാധിച്ചില്ല.

62-ാം മിനുട്ടിലെ ലൂയിസ് മുറിയലിൻ്റെ ഗോളോടെ ഈ സീസണിൽ 95-ാമത്തെ ഗോളിലെത്തി നിൽക്കുകയാണ് അറ്റലാന്റ. ലീഗിൽ അവസാനമായി ഇത്രയും ഗോളുകൾ നേടുന്ന ക്ലബ്‌ ഫിയോറെന്റീനയാണ്.

60 വർഷം മുമ്പ്‌ 1958-59 സീസണിലാണ് ഫിയോറെന്റീന ഈ നേട്ടം കൈവരിക്കുന്നത്. അതിനു ശേഷം ഇത്രയും ഗോളുകൾ നേടുന്ന ആദ്യ ക്ലബ്ബാണ് അറ്റലാന്റ. ഗാസ്പെറീനിയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അറ്റലാന്റ യുവന്റസിന്റെ കിരീടമോഹത്തിന് വിലങ്ങുതടിയായി തുടരുകയാണ്.

ബൊളോഗ്‌നയുമായി വിജയം നേടിയതോടെ  74 പോയിന്റുമായി രണ്ടാം  സ്ഥാനത്താണ്  അറ്റലാന്റ. ക്ലബ്‌  ആദ്യമായാണ്  ഇത്രയും പോയിന്റ് ഒരു സീസണിൽ നേടുന്നത്. ഇത് ക്ലബ്ബിന്റെ തന്നെ  പഴയ റെക്കോർഡായ 2016-17 സീസണിലെ 72 പോയിന്റിനെയാണ്  ഗാസ്പെറീനിയും സംഘവും മറികടന്നത്.

72 പോയിന്റുമായി തൊട്ടു പിറകിലായി ഇന്റർ മിലാൻ മൂന്നാം സ്ഥാനത്താണ്. ഫിയോറെന്റീനയുമായി ഇന്ററിനു ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. അതിൽ വിജയം കണ്ടെത്താനായാൽ അറ്റലാന്റാക്കൊപ്പം യുവന്റസിന് ഭീഷണിയാവാൻ ഇന്ററിനു കഴിഞ്ഞേക്കും. ഇതോടെ ഉഡിനീസെയുമായുള്ള യുവന്റസിന്റെ മത്സരം നിർണായകമായിരിക്കുകയാണ്.

You Might Also Like