എടികെയ്ക്കും സൂപ്പര്‍ താരത്തെ നഷ്ടമാകുന്നു, റാഞ്ചാന്‍ യൂറോപ്യന്‍ ക്ലബുകള്‍

Image 3
FootballISL

ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെ കൊല്‍ക്കത്തയ്ക്ക് അവരുടെ സൂപ്പര്‍ താരത്തെ നഷ്ടമാകുന്നു. എടികെയുമായുളള കരാര്‍ അവസാനിപ്പിക്കാനാണ് ഫിജി താരമായ റോയ് കൃഷ്ണയുടെ തീരുമാനം. പുതിയ സീസണില്‍ കരാര്‍ നീട്ടാന്‍ എടികെ-മോഹന്‍ ബഗാന്‍ ടീം തയ്യാറാണെങ്കിലും റോയ് കൃഷ്ണയ്ക്ക് എടികെയില്‍ തുടരാന്‍ താല്‍പര്യമില്ല. ഈ മാസം അവസാനത്തോടെ റോയ് കൃഷ്ണയും എടികെയും തമ്മിലുളള കരാര്‍ അവസാനിയ്ക്കും.

നിലവില്‍ യൂറോപ്പിലെ ചില ക്ലബുകള്‍ റോയ് കൃഷ്ണയെ നോട്ടമിട്ടിട്ടുണ്ട്. കൂടാതെ വടക്കേ അമേരിക്കന്‍ ക്ലബുകളും രണ്ട് ഐഎസ്എല്‍ ക്ലബുകളും താരത്തിനായി രംഗത്തുണ്ട്. റോയ് കൃഷ്ണ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. റോയ് കൃഷ്ണ ഇന്ത്യ വിട്ടാല്‍ ഐഎസ്എള്‍ ആരാധകര്‍ക്ക് കടുത്ത തിരിച്ചടിയാകും ആ നീക്കം.

കഴിഞ്ഞ ഐഎസ്എല്ലില്‍ എടികെയെ കിരീടവിജയത്തിലെത്തിക്കാന്‍ നിര്‍ണ്ണായക പങ്കാണ് റോയ് കൃഷ്ണ വഹിച്ചത്. 23 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 6 അസിസ്റ്റും ആണ് സീസണില്‍ റോയ് കൃഷ്ണ നേടിയത്. കിവീസ് ക്ലബായ വെല്ലിങ്ടണ്‍ ഫീനിക്സില്‍ നിന്നായിരുന്നു റോയ് കൃഷ്ണയുടെ ഇന്ത്യയിലേക്കുളള വരവ്.

ഫിജിയ്ക്കായി രാജ്യന്തര ഫുട്ബോളില്‍ 40 മത്സരങ്ങള്‍ കളിച്ചിട്ടുളള റോയ് 29 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 2007 മുതല്‍ ഫിജി ടീമില്‍ സ്ഥിരസാന്നിധ്യമാണ് ഈ 32കാരന്‍.