കോടികള്‍ എറിഞ്ഞ് ഇന്ത്യന്‍ താരത്തെ റാഞ്ചി എടികെ, ഞെട്ടി ഫുട്‌ബോള്‍ ലോകം

ഐഎസ്എല്ലിലെ പുതിയ സീസണിനായി നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുകയാണ് മുന്‍ ചാമ്പ്യന്‍മാരില്‍ ഒരാളായ എടികെ മോഹന്‍ ബഗാന്‍. കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ്‌സിയ്ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ലിസ്റ്റണ്‍ കൊളാസോയെ എടികെ സ്വന്തമാക്കാനുളള നീക്കമാണ് നടത്തുന്നത്.

ഒരു സീസണിനായി ഏകദേശം ഒരു കോടിയോളം രൂപ മുടക്കിയാണ് എടികെ എത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ഉറപ്പായിക്കഴിഞ്ഞെന്നും ഏറെ വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഐഎഫ്ടിഡബ്ല്യുസി ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളായ ലിസ്റ്റണെ വിട്ടുനല്‍കാന്‍ ഹൈദരാബാദ് തയ്യാറായിരുന്നില്ലെങ്കിലും എടികെ മുന്നോട്ടുവച്ച ഉയര്‍ന്ന ട്രാന്‍സ്ഫര്‍ ഫീ ക്ലബ് അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദിനായി ലിസ്റ്റണ്‍ നടത്തിയ പ്രകടനങ്ങള്‍ താരത്തിന് ഇന്ത്യന്‍ ടീമിലും ഇടം നേടിക്കൊടുത്തിരുന്നു. ഇന്ത്യയുടെ അടുത്ത മിഡ്ഫീല്‍ഡ് ജനറല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ലിസ്റ്റണ്‍. മന്‍വീര്‍ സിംഗിനെ 80 ലക്ഷം രൂപ നല്‍കി എത്തിച്ചതാണ് ക്ലബിന്റെ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ സൈനിംഗ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാല്‍ ഈ റെക്കോര്‍ഡ് പഴങ്കഥയാകും.

You Might Also Like