പറയാതെ വയ്യ, ആ തീരുമാനം വിഢിത്തം, ഐഎസ്എല്ലിനെതിരെ ഹബാസ്

ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ പരിശീലകനാണ് അന്റോണിയോ ലോപ്പസ് ഹബാസ്. തൊട്ടതെല്ലാം പൊന്നാക്കുന്ന പരിശീലകന്‍. ഹബാസിന്റെ ടീമില്ലാത്ത ഒരു പ്ലേ ഓഫ് ഇതുവരെ ഐഎസ്എല്ലില്‍ ഉണ്ടായിട്ടില്ല. രണ്ട് തവണ കൊല്‍ക്കത്തയെ ഐഎസ്എല്‍ ചാമ്പ്യന്‍മാരാക്കുന്നതിലും ഹബാസ് വിജയിച്ചു.

അതിനാല്‍ തന്നെ എടികെ മോഹന്‍ ബഗാനുമായി ലയിച്ചപ്പോള്‍ മറ്റൊരു പരിശീലകനെ കുറിച്ച് ഇരുടീമുകള്‍ക്കും ചിന്തിക്കേണ്ടി വന്നില്ല. മോഹന്‍ ബഗാനെ ഐലീഗ് ചാമ്പ്യന്‍മാരാക്കിയ കിബു വികൂനയ്ക്ക് ബ്ലാസ്റ്റേഴ്‌സില്‍ അഭയം പ്രപിക്കേണ്ടി വന്നതും മറുവശത്ത് ഹബാസ് ഉള്ളതിനാല്‍ മാത്രമാണ്. നിലവില്‍ ഈ ലോക്ഡൗണ്‍ കാലത്ത് സ്വന്തം നാടായ സ്‌പെയിനിലാണ് ഈ സൂപ്പര്‍ പരിശീലകന്‍. ദ ബ്രിഡ്ജിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം മനസ്സുതുറന്നു.

വിദേശ താരങ്ങളുടെ എണ്ണം നാലാക്കി കുറക്കാനുളള ഐഎസ്എല്‍ അധികൃതരുടെ തീരുമാനം ശരിയല്ലെന്നാണ് ഹബാസിന്റെ അഭിപ്രായം. ഇന്ത്യന്‍ താരങ്ങള്‍ പ്രതിഭയാര്‍ജിച്ച് വരുന്നതേയുളളുവെന്നും രണ്ടോ മൂന്നോ സീസണുകളില്‍ കൂടി തല്‍സ്ഥിതി തുടരണമെന്ന് ഹബാസ് നിരീക്ഷിക്കുന്നു.

‘ഞാന്‍ ഈ നിക്കത്തെ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ താരങ്ങള്‍ മികച്ചവരും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരുമാണെങ്കില്‍ ആ നിര്‍ദേശം യോജിച്ചതായിരുന്നു. എന്നാല്‍ എന്റെ അഭിപ്രായ പ്രകാരം വിദേശകളിക്കാരുടെ കാര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി തന്നെ രണ്ടോ മൂന്നോ സീസണ്‍ കൂടി തുടരണമെന്നാണ്. അപ്പോഴേക്കും മികച്ച കളിക്കാര്‍ ഇന്ത്യയില്‍ നിന്നും തന്നെയുണ്ടാകും’ ഹബാസ് പറയുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഐഎസ്എല്‍ കൊണ്ട് ഒരുപാട് മുന്നേറി കഴിഞ്ഞെന്നും അക്കാദമികള്‍ സ്ഥാപിച്ച് ഗ്രാസ് റൂട്ടിലുളള പ്രതിഭകളെ കണ്ടെത്തിയാകണം ഇനിയുളള വളര്‍ച്ചയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

You Might Also Like