മറ്റൊരു പുതിയ പങ്കാളി കൂടി, സര്‍പ്രൈസുമായി വീണ്ടും ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ജനുവരി 22, 2021: ഏഥര്‍ എനര്‍ജിയെ, നിലവില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലേക്കുള്ള ഔദ്യോഗിക പങ്കാളികളായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. മദ്രാസ് ഐഐടി പൂര്‍വവിദ്യാര്‍ഥികളായ തരുണ്‍ മേത്ത, സ്വപ്നില്‍ ജെയിന്‍ എന്നിവര്‍ 2013ല്‍ സ്ഥാപിച്ച ഏഥര്‍ എനര്‍ജി, ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളിലൊന്നാണ്. ഫ്ളിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍, ഹീറോ മോട്ടോര്‍കോര്‍പ്പ്, ടൈഗര്‍ ഗ്ലോബല്‍ എന്നിവയുടെ പിന്തുണയും കമ്പനിക്കുണ്ട്.

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സ്‌കൂട്ടറായ ഏഥര്‍ 450, 2018ല്‍ ഏഥര്‍ എനര്‍ജി പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് 2020ല്‍, ഏഥര്‍ 450എക്സും വിപണിയിലിറക്കി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഏഥര്‍ എനര്‍ജി മാര്‍ക്കറ്റിങ് ആന്‍ഡ് ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ നിലയ് ചന്ദ്ര പറഞ്ഞു. ഐഎസ്എലിന് രാജ്യത്തുടനീളം വലിയ ആരാധകവൃന്ദവും, ഫുട്ബോളിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക ബന്ധവുമുണ്ട്. കെബിഎഫ്സിയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഡ്രൈവിങ് അവബോധം സൃഷ്ടിക്കാനാവുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്-നിലയ് ചന്ദ്ര പറഞ്ഞു.

ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ച, സമഗ്ര പബ്ലിക് ചാര്‍ജിങ് ശൃംഖലയായ ഏഥര്‍ ഗ്രിഡും ഏഥര്‍ സ്ഥാപിച്ചിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ എഴുപതിലധികം ചാര്‍ജിങ് പോയിന്റുകള്‍ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് ചാര്‍ജിങ് ശൃംഖലകളിലൊന്നാണ് ഏഥര്‍ ഗ്രിഡ്. ഉപയോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ഓണര്‍ഷിപ്പ് എക്സ്പീരിയന്‍സ് ലഭ്യമാക്കാനാണ് ഏഥര്‍ എനര്‍ജി ലക്ഷ്യമിടുന്നത്. ഒരു യുവ സംരംഭക, പരിസ്ഥിതി സൗഹൃദ ബ്രാന്‍ഡിന്റെ ആനുകൂല്യങ്ങള്‍, ഇ പങ്കാളിത്തത്തിലൂടെ, ക്ലബ്ബിന്റെ നിരവധിയായ ആരാധകരിലേക്ക് എത്തിക്കാനാവുമെന്ന് കെബിഎഫ്സിയും പ്രതീക്ഷിക്കുന്നു.

ഏറെ വിശിഷ്ടമായൊരു ബ്രാന്‍ഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഇന്ത്യയില്‍ വികസിക്കാനുള്ള ഏഥറിന്റെ ആഗ്രഹം ശ്രദ്ധേയമാണ്, ഒപ്പം വികസിക്കാനും വളരാനുമുള്ള അവരുടെ അഭിനിവേശവും പ്രതിബദ്ധതയും ഞങ്ങള്‍ പങ്കിടുന്നു. ഈ ലക്ഷ്യത്തിനായി ഒരുമിച്ചു മുന്നേറാനും അഭിനിവേശവും ലക്ഷ്യവും നിറഞ്ഞ ഒരു പങ്കാളിത്തം ആരംഭിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഏഥറിലെ എല്ലാവരെയും ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായും നിഖില്‍ ഭരദ്വാജ് പറഞ്ഞു.

You Might Also Like