അറ്റലാന്റ സൂപ്പർതാരത്തിന് പരിക്ക്, പിഎസ്‌ജിക്കെതിരെ കളിച്ചേക്കില്ല
പാർമക്കെതിരെ നടന്ന സീരീ എ മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് അറ്റലാന്റ വിജയം നേടിയെങ്കിലും തങ്ങളുടെ സൂപ്പർതാരമായ ജോസിപ് ഇലിസിച്ചിന് പരിക്കേറ്റത് വലിയ തിരിച്ചടിച്ചിരിക്കുകയാണ്. ഇതോടെ താരത്തിന് ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ കളിക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്.
സീസണിലെ നിർണായകഘട്ടത്തിൽ പരിക്കേറ്റത് പരിതാപകരമായ അവസ്ഥയായി പോയെന്നും പാർമക്കെതിരെ ബുദ്ദിമുട്ടിയത് താരത്തിന്റെ അഭാവത്തിനാലാണെന്നും പരിശീലകൻ ജിയാൻ പിയെറോ ഗാസ്പെറിനി അഭിപ്രായപ്പെട്ടു. അതേ സമയം പിഎസ്ജിക്ക് അവരുടെ സൂപ്പർതാരം കിലിയൻ എംബപ്പേക്കും പരിക്കു മൂലം അറ്റലാന്റയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമായേക്കും. പിഎസ്ജി അഭിമുഖീകരിക്കുന്ന അതേ അവസ്ഥയിലാണ് തങ്ങളും എന്നാണ് ഗാസ്പെറിനി വാചാലനാവുന്നത്.
“സീസണിലെ നിർണായകഘട്ടത്തിൽ ഇങ്ങനെ സംഭവിക്കുന്നത് പരിതാപകരമാണ്. ഞങ്ങൾ ഞങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളുടെ അഭാവത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഡുവാൻ സപറ്റയുടെ അഭാവത്തിൽ ഞങ്ങൾ മാസങ്ങളോളം കളിച്ചു. ഇപ്പോൾ ഇലിസിചിനെ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ അദ്ദേഹത്തെ ഞങ്ങൾക്ക് ലഭിക്കാൻ സാധ്യത കുറവാണ്. തീർച്ചയായും ഒരു ബുദ്ദിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. വ്യത്യസ്ഥമായ രീതിയിൽ കളിക്കാൻ ടീം എപ്പോഴും ശ്രദ്ദിക്കാറുണ്ട്.”
“കാരണം വ്യത്യസ്ഥമായ സവിശേഷതകൾ ഉള്ള താരങ്ങളാണ് ഞങ്ങളോടൊപ്പമുള്ളത്. മരിയോ പസലിച്ച്, ഗോമസ്, മാലിനോവ്സ്കി എന്നിവർ അങ്ങനെയുള്ള താരങ്ങളാണ്. സപാറ്റ ഇല്ലാത്ത സമയത്ത് ഞങ്ങൾ രീതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തി. പ്രശ്നങ്ങൾ എല്ലാം തന്നെ മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കാൻ ശ്രമിച്ചു. പക്ഷെ ഇലിസിച് നിർണായകമായ താരമാണ്. യുവന്റസിന് ദിബാല, ലാസിയോക്ക് ഇമ്മൊബിലെ, ഇന്ററിന് ലുക്കാക്കു, പിഎസ്ജിക്ക് എംബാപ്പെ, ഇവരെ പോലെ തന്നെയാണ് ഞങ്ങൾക്ക് ഇലിസിച്ചും ” പരിശീലകൻ സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.