മൂന്നു പ്രമുഖ ക്ലബ്ബുകളെ പിന്തള്ളി ആഴ്‌സണൽ കീപ്പറിനായി ആസ്റ്റൺ വില്ല, ഉടൻ കരാറിലെത്തിയേക്കും

Image 3
EPLFeaturedFootball

ഇത്തവണ ആഴ്‌സണലിന്റെ ഒന്നാം ഗോൾ കീപ്പർ സ്ഥാനം ലഭിച്ചില്ലെങ്കിൽ ക്ലബ് വിടുമെന്നു അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് മുമ്പേ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഒന്നാം ഗോൾ കീപ്പറായ ലെനോക്ക് പരിക്കേറ്റപ്പോൾ സ്ഥാനമെറ്റെടുത്ത എമിലിയാനോ മിന്നും പ്രകടനമാണ് ആഴ്സണലിനായി കാഴ്ച്ചവെച്ചത്. പ്രീമിയർ ലീഗിൽ നിരവധി ക്ലീൻഷീറ്റുകൾ കരസ്ഥമാക്കിയ താരം എഫ്എ കപ്പ് കിരീടം ഗണ്ണേഴ്സിന് നേടികൊടുക്കുന്നതിലും മികച്ച പങ്കു വഹിച്ചിരുന്നു.

എന്നാൽ ഈ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ താരത്തിന് ആഴ്‌സണൽ ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ലെനോ തന്നെയാണ് ആഴ്സണലിന്റെ വല കാത്തത്. ഇതോടെ താരം മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറാനുള്ള നീക്കത്തിലാണ്. ആസ്റ്റൺ വില്ലയിലേക്കാണ് താരം കൂടുമാറാനൊരുങ്ങുന്നത്. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ട്രാൻസ്ഫർ ഏറെക്കുറെ ഉറപ്പായമട്ടിലാണ്. 19.5 മില്യൺ പൗണ്ടിനാണ് താരം ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറുക.

ആഴ്സണലും വില്ലയും തമ്മിൽ കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ. വില്ലയെക്കൂടാതെ മൂന്ന് ക്ലബുകൾ കൂടി താരത്തിനായി താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ലീഡ്‌സ് യുണൈറ്റഡ്, ഷാൽക്കേ, ബ്രൈറ്റൻ എന്നീ ക്ലബുകളെ മറികടന്നു കൊണ്ടാണ് എമിലിയാനോ മാർട്ടിനെസിനെ ആസ്റ്റൺ വില്ല സ്വന്തമാക്കാനൊരുങ്ങുന്നത്. കരാർ നടക്കുകയാണെങ്കിൽ ഷെഫീൽഡ് യുണൈറ്റഡിനെതിരായ മത്സരത്തിൽ താരം വില്ലയുടെ വലകാക്കുമെന്നാണ് ക്ലബ്ബ് കണക്കാക്കുന്നത്.

15 മില്യൺ പൗണ്ടും കൂടാതെ 4.5 മില്യൺ പൗണ്ട് അധികവേതനവുമായിരിക്കും ആഴ്സണലിന്‌ ലഭിക്കുക. വില്ലയുടെ ഒന്നാം ഗോൾ കീപ്പറായ ടോം ഹീറ്റൻ പരിക്ക് മൂലം പുറത്തായതാണ് മാർട്ടിനെസിനെ ക്ലബ്ബിൽ എത്തിക്കാനായി വില്ല ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കുന്നത്. അതേ സമയം പ്രകടനങ്ങളുടെ മികവിൽ അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ മത്സരങ്ങൾക്ക് വേണ്ടി താരത്തെ പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.