തോൽവിയിൽ സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നു, ബിൽബാവോക്കെതിരായ തോൽവിയെക്കുറിച്ച് അസെൻസിയോ പറയുന്നു
അത്ലറ്റിക് ബിൽബാവോയോട് സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ തോറ്റു പുറത്തായിരിക്കുകയാണ് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബിൽബാവോ വിജയം സ്വന്തമാക്കിയത്. ബിൽബാവോക്കായി റൗൾ ഗാർഷ്യ ഇരട്ട ഗോളുകൾ സ്വന്തമാക്കിയപ്പോൾ റയലിന്റെ ഏക ഗോൾ നേടിയത് കരിം ബെൻസിമയാണ്. ബാഴ്സയ്ക്കെതിരെ വരുന്ന ഞായറാഴ്ചയാണ് ഫൈനൽ നടക്കുന്നത്.
ബിൽബാവോയുടെ വിജയത്തിൽ ഏറ്റവും നിരാശ പ്രകടിപ്പിച്ചത് യുവതാരം മാർക്കോ അസെൻസിയോയാണ്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച താരം കൂടിയായിരുന്നു അസെൻസിയോ. ഗോളെന്നുറച്ച അസെൻസിയോയുടെ രണ്ടു മികച്ച ഷോട്ടുകളാണ് ബിൽബാവോയുടെ ഗോൾ പോസ്റ്റിൽ തട്ടിയകന്നത്. മത്സരശേഷം നടന്ന അഭിമുഖത്തിൽ അതിന്റെ വിഷമം പങ്കുവെക്കുകയായിരുന്നു അസെൻസിയോ.
Marco Asensio: "We are sad and angry, but this is football and we have to continue" https://t.co/TsP3FpVIcO
— Football España (@footballespana_) January 14, 2021
“അവർ നല്ല രീതിയിലാണ് മത്സരം തുടങ്ങി വെച്ചത്. തുടക്കം മുതലേ ഞങ്ങൾക്ക് അത് വലിയ ബുദ്ദിമുട്ടുകൾ തന്നെ സൃഷ്ട്ടിച്ചു. അവസാനമായപ്പോൾ അവരെ തോൽപ്പിക്കാമെന്നു തന്നെയാണ് വിചാരിച്ചിരുന്നത്. ഞങ്ങൾക്ക് വിഷമവും ഒപ്പം ദേഷ്യവും അനുഭവപ്പെട്ടു. പക്ഷെ ഇത് ഫുട്ബോൾ ആണ്. ഞങ്ങൾക്ക് ഇനിയും യാത്ര തുടരേണ്ടതുണ്ട്.”
“ഒരിക്കലും അവരുടെ തീവ്രത അല്ല ഞങ്ങളെ തോൽപ്പിച്ചത്. ആദ്യ ഗോളിനു ശേഷം അവർ മത്സരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. ഞങ്ങൾ ഒരുപാട് ശ്രമിച്ചു. പക്ഷെ വിജയം നേടാനായില്ല. രണ്ടാം പകുതിയിൽ മാറ്റങ്ങളുണ്ടാക്കാൻ നോക്കി. എന്നാൽ അതൊന്നു നല്ല രീതിയിൽ കലാശിച്ചില്ല. ഞങ്ങൾക്ക് വിഷാദവും ദേഷ്യവുമാണ് തോന്നുന്നത്. പക്ഷെ ഞങ്ങൾ മറ്റു ലക്ഷ്യങ്ങളുണ്ട്. ഞങ്ങൾക്ക് വീണ്ടും ഉയിർത്തെഴുന്നേൽക്കേണ്ടതുണ്ട്. ” അസെൻസിയോ പറഞ്ഞു