ആർക്കും വേണ്ടാത്ത ഇസ്കോയെ ആഴ്സണലിന്‌ വേണം, പച്ചക്കൊടി കാണിച്ച് മൈക്കൽ അർട്ടെറ്റ

റയൽ മാഡ്രിഡിൽ സിദാന് കീഴിൽ അവസരം കുറഞ്ഞത് മൂലം ക്ലബ്ബ് വിടാനൊരുങ്ങി നിൽക്കുന്ന സ്പാനിഷ് മധ്യനിരതാരമാണ് ഇസ്കോ. അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള സ്പെയിൻ സ്‌ക്വാഡിലിടം നേടാനുള്ള ശ്രമമാണ് ഇസ്കോ നടത്തുന്നത്. സിദാന്റെ കീഴിൽ അവസരങ്ങളില്ലെന്നു സിദാൻ തന്നെ അറിയിച്ചതോടെ ക്ലബ്ബ് വിടാനുള്ള ആവശ്യം ഇസ്കോ റയൽ മാഡ്രിഡിനെ അറിയിച്ചിരിക്കുകയാണ്.

എന്നാൽ താരത്തിനായി ഇതുവരെ ഒരു ക്ലബ്ബുകളും സമീപിച്ചിട്ടില്ലെന്നാണ് ഇസ്കോയുടെ പിതാവും ഏജന്റുമായ പാക്കോ അലാർകോൺ ആഴ്ചകൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടണുമായി ബന്ധപ്പെടുത്തികൊണ്ട് അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നുവെങ്കിലും അത് നിരാകരിച്ചുകൊണ്ട് എവർട്ടൺ പരിശീലകനായ ആഞ്ചെലോട്ടി തന്നെ രംഗത്തെത്തിയിരുന്നു.

എന്നാൽ പ്രീമിയർ ലീഗിൽ നിന്നും മറ്റൊരു ക്ലബ്ബായ ആഴ്‌സണൽ ഇസ്കോക്കായി താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മധ്യനിരയും മുന്നേറ്റനിരയെയും ശക്തമാക്കാനുള്ള നീക്കമാണ് ആഴ്‌സണൽ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ആഴ്സണലിന്റെ അക്രമണത്തിലും ഗോൾ നേട്ടത്തിലും വലിയ കുറവുവന്നതോടെ ജനുവരി ട്രാൻസ്ഫറിൽ പുതുമുഖങ്ങളെ തേടുകയാണ് അർട്ടേറ്റയും സംഘവും.

അർട്ടേറ്റയുടെ പരിഗണനയിലുള്ള ഇസ്കോയെ സ്വന്തമാക്കാൻ ക്ലബ്ബിലെ അധികാരപ്പെട്ടവരോട് ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്. റയൽ മാഡ്രിഡ്‌ കേന്ദ്രീകൃത മധ്യമമായ ഡിഫെൻസ സെൻട്രലിനെ ഉദ്ധരിച്ചുകൊണ്ട് സ്‌പോർട് വിറ്റ്നസ്സാണ് ഈ വാർത്താ പുറത്തുവിട്ടിരിക്കുന്നത്. റയൽ മാഡ്രിഡിൽ നിന്നും ഒരു വർഷത്തേക്ക് ലോൺ ഡീലിലും പിന്നീട് താരത്തെ സ്ഥിരമാക്കാനുള്ള നീക്കമാണ് ആഴ്‌സണൽ നടത്തുക. എന്നാൽ ഒരു സ്ഥിരകരാറിലൂടെ താരത്തെ ഒഴിവാക്കാനുള്ള ശ്രമം റയൽമാഡ്രിഡ്‌ നടത്തുന്നുണ്ടെന്നും ഇതേ മാധ്യമം റിപ്പോർട്ടും ചെയ്യുന്നുണ്ട്.

You Might Also Like