കരാർ ചർച്ചകൾ നിർത്തിവെച്ച് ബാഴ്സയുടെ വിളി കാത്ത് ആഴ്സനൽ സൂപ്പർതാരം

ആഴ്സനലുമായുള്ള കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ കരാർ പുതുക്കാനുള്ള ചർച്ചകൾ നിർത്തിവെച്ച് ബാഴ്സയുടെ വിളി കാത്തിരിക്കുകയാണ് സ്ട്രൈക്കർ ഓബമായാങ്ങ്. ആഴ്സനലിന്റെ ടോപ് സ്കോററായ താരം ടീമിൽ തുടരുമെന്നും കരാർ പുതുക്കുമെന്നും അർടേട്ട പ്രതീക്ഷ പുലർത്തുന്നതിനിടെയാണ് താരം സ്പാനിഷ് ലീഗിലേക്കു ചേക്കേറാനിരിക്കുന്നത്.

അടുത്ത സീസണു ശേഷം കരാർ അവസാനിക്കുമെന്നിരിക്കെ അതു പുതുക്കിയില്ലെങ്കിൽ ഓബമയാങ്ങിനെ വിൽക്കാൻ ആഴ്സനൽ നിർബന്ധിതരാകും. അതു കൊണ്ടു തന്നെ ബാഴ്സയുടെ ഓഫറിനെക്കുറിച്ച് അറിഞ്ഞതിനു ശേഷം തീരുമാനമെടുക്കാമെന്നാണ് താരം കരുതുന്നത്. സ്കൈ സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

ഇന്റർ മിലാൻ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിനു വേണ്ടി ബാഴ്സലോണ ശ്രമം നടത്തുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ താരത്തെ സ്വന്തമാക്കാനുള്ള മൂലധനം ബാഴ്സക്കുണ്ടാകാൻ സാധ്യതയില്ല. അതു കൊണ്ടു തന്നെയാണ് സുവാരസിനു പകരക്കാരനായി ഒരു സ്ട്രൈക്കറെ നിർബന്ധമായും എത്തിക്കാൻ താൽപര്യപ്പെടുന്ന ബാഴ്സയുടെ താൽപര്യം ഓബമയാങ്ങിലേക്കു നീങ്ങുന്നത്.

കരാർ അവസാനിക്കാൻ ഒരു വർഷമേ ബാക്കിയുള്ളു എന്നതിനാൽ കുറഞ്ഞ തുകക്ക് ഓബമയാങ്ങിനെ സ്വന്തമാക്കാൻ ബാഴ്സക്കു കഴിയും. മുപ്പത്തിയൊന്നുകാരനായ താരം ഇപ്പോഴും തകർപ്പൻ ഫോമിലാണു കളിക്കുന്നത്. ഈ സീസണിൽ 42 മത്സരങ്ങളിൽ നിന്നും 25 ഗോളുകളാണു താരം നേടിയിരിക്കുന്നത്.

You Might Also Like