ഇന്റർമിലാൻ സൂപ്പർതാരത്തിനായി ആഴ്‌സണൽ, പ്രതിബന്ധമായി ഓസിൽ ട്രാൻസ്ഫർ

ആഴ്സണലിൽ ഈ സീസണിൽ നിലവിൽ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.  മധ്യനിരയിലെ സർഗ്ഗാത്മകതയുടെ കുറവാണു  പ്രധാനകാരണമായി അർട്ടേറ്റ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ ജനുവരിയിൽ ട്രാൻസ്ഫറിൽ ഒരു മികച്ച മധ്യനിര താരത്തെ സ്വന്തമാക്കാനുള്ള നീക്കമാണ് ആഴ്‌സണൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി ആഴ്‌സണൽ നോട്ടമിട്ടിരിക്കുന്ന സൂപ്പർതാരമാണ്  ഇന്റർമിലാനു വേണ്ടി കളിക്കുന്ന  ക്രിസ്ത്യൻ എറിക്സൺ.

ടോട്ടനത്തിൽ നിന്നും ഇറ്റാലിയൻ വമ്പന്മാരായ  ഇന്റർമിലാനിലേക്ക് ചേക്കേറിയ എറിക്സണ് പ്രതീക്ഷിച്ച പ്രകടനം  പരിശീലകൻ അന്റോണിയോ കോണ്ടേക്കു കീഴിൽ ഇതുവരെയും നടത്താൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇന്ററിൽ അവസരങ്ങൾ കുറഞ്ഞ താരത്തിനു പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചു വരാനുള്ള അവസരമാണ്  ആഴ്‌സണൽ ഒരുക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസെറ്റ ഡെല്ലോ സ്‌പോർട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

എന്നാൽ ഈ നീക്കത്തിനു പ്രതിസന്ധിയായി നിലനിൽക്കുന്നത്  ജർമൻ സൂപ്പർതാരം ഓസിലിന്റെ ക്ലബ്ബിലെ സാഹചര്യമാണ്. ഒരാഴ്ചയിൽ 350000 പൗണ്ട് വേതനം വാങ്ങുന്ന താരത്തിനു ഇനി ആറു മാസം കൂടി ആഴ്സണലിൽ കരാർ നിലവിലുണ്ട്. എന്നാൽ താരത്തിനെ പ്രീമിയർ ലീഗിൽ നിന്നും യൂറോപ്പയിൽ നിന്നും ഒഴിവാക്കിയ സ്ഥിതിയാണുള്ളത്. എന്നാൽ ആഴ്‌സണലിന്റെ നിലവിലെ മോശം സ്ഥിതിക്ക് തനിക്ക് ഇനിയും  സഹായിക്കാനാകുമെന്നാണ് ഓസിലിന്റെ പക്ഷം.

വരുന്ന ജനുവരിയിൽ ഓസിലിനെ വീണ്ടും പ്രീമിയർലീഗ് സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്താനുള്ള അവസരം ആഴ്‌സണലിനു മുന്പിലുണ്ട്. ആ തീരുമാനമാണ് ഡ്രസിങ് റൂമിൽ വിഭാഗീയതക്ക് കാരണമായി തീർന്നിരിക്കുന്നത്. നിരാശാജനകമായ ഒഴിവാക്കൽ തീരുമാനത്തിൽ നിന്നു മാറി തനിക്കു കളിക്കാൻ അവസരം തരണമെന്നു ഓസിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ ഓസിലിന്റെ ഈ സാഹചര്യത്തിൽ തീരുമാനമാകാതിരുന്നാൽ എറിക്സന്റെ ട്രാൻസ്ഫർ സങ്കീർണമാകുമെന്നാണ് ലാ ഗസെറ്റ ഡെല്ലോ സ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നത്.

You Might Also Like