ഒഡഗാർഡിനെ നിലനിർത്താനായില്ലെങ്കിൽ യുവന്റസ് സൂപ്പർതാരത്തെ തട്ടകത്തിലെത്തിക്കാൻ ആഴ്‌സണൽ

റയൽ മാഡ്രിഡിൽ നിന്നും ആഴ്‌സണലിൽ ലോണിൽ കളിക്കുന്ന നോർവീജിയൻ മധ്യനിരതാരമാണ് മാർട്ടിൻ ഒഡഗാർഡ്. മധ്യനിരയിൽ മെസ്യൂട് ഓസിലിനു പകരക്കാരനായി കൊണ്ടു വന്ന താരം റയലിൽ സിദാനു കീഴിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് ആഴ്‌സണലിലേക്ക് ലോണിൽ വന്നത്. മധ്യനിരയിൽ ആഴ്സണലിന്റെ അവിഭാജ്യഘടകമായി മിന്നും പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ താരത്തെ ആഴ്സണലിൽ തന്നെ ഈ സീസണു ശേഷം നിലനിർത്താനുള്ള ശ്രമങ്ങളാണ് ആഴ്‌സണൽ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ അതത്ര എളുപ്പമുള്ള ജോലിയായിരിക്കില്ല. ഒഡഗാർഡിനെ അത്ര എളുപ്പത്തിൽ ഒന്നും റയൽ മാഡ്രിഡ്‌ വിട്ടുകൊടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മികച്ച പ്രകടനം തുടരുന്നതോടെ താരത്തെ സ്‌ക്വാഡിലേക്ക് തിരിച്ചു വിളിക്കാനുള്ള പദ്ധതിയും റയലിനുണ്ട്.

താരത്തെ നിലനിർത്താനായില്ലെങ്കിൽ പകരം മറ്റൊരു സൂപ്പർതാരത്തെ ക്ലബ്ബിലെത്തിക്കാനുള്ള പദ്ധതിയും പ്ലാൻ ബി എന്ന നിലയിൽ ആഴ്‌സണലിനുണ്ട്. യുവന്റസ് സൂപ്പർതാരമായ പൗലോ ഡിബാലയെയാണ് ആഴ്‌സണൽ നോട്ടമിട്ടിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്‌പോർട് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

യുവന്റസ് താരത്തിനു നൽകിയ പുതിയ കരാർ നിരസിച്ചതിനെതുടർന്ന് പുതിയ മികച്ച ഓഫർ നൽകില്ലെന്നാണ് അറിയാനാകുന്നത്. പിർലോക്ക് കീഴിൽ അവസരങ്ങൾ കുറഞ്ഞതും ദിബാലക്ക് വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ക്ലബ്ബ് വിടാൻ തന്നെയാണ് താരവും ശ്രമിച്ചേക്കുക.

You Might Also Like