അമ്പരപ്പിച്ച് മുഹമ്മദന്‍, ഇന്ത്യന്‍ യുവ സൂപ്പര്‍ താരത്തെ സ്വന്തമാക്കി

കഴിഞ്ഞ ദിവസം മുംബൈ സിറ്റി എഫ്‌സി റിലീസ് ചെയ്ത യുവസൂപ്പര്‍ താരവും ഇന്ത്യയുടെ ഭാവി വാഗ്ദാനവുമായ അന്‍വര്‍ അലിയെ സ്വന്തമാക്കി കൊല്‍ക്കത്തന്‍ ക്ലബ് മുഹമ്മദന്‍ എഫ്‌സി. പഞ്ചാബ് സ്വദേശിയായ അന്‍വര്‍അലിയ്ക്ക് ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് 19കാരനെ മുംബൈ ഒഴിവാക്കിയത്.
നിലവില്‍ ഐലീഗ് രണ്ടാം ഡിവിഷനിലാണ് 129 വര്‍ഷത്തെ പാരമ്പര്യമുളള മുഹമ്മദന്‍ ക്ലബ് കളിക്കുന്നത്. അനായാസം മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനാകുമായിരുന്ന അന്‍വര്‍ അലി മുഹമ്മദന്‍സ് തിരഞ്ഞെടുത്തത് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തിന് സര്‍പ്രൈസായി. കൂടുതല്‍ പ്ലേയിംഗ് ടൈം ലക്ഷ്യമിട്ടാണ് അന്‍വര്‍ അലി മുഹമ്മദന്‍സിലേക്ക് ചേക്കേറിയിരിക്കുന്നത്.
നേരത്തെ മുപ്പത് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ഫീ ആയി കൊടുത്താണ് മുംബൈ സിറ്റി എഫ്‌സി അന്‍വര്‍ അലിയ മിനര്‍വ പഞ്ചാബില്‍ നിന്നും സ്വന്തമാക്കിയത്. തുടര്‍ന്ന് ഇന്ത്യന്‍ ആരോസില്‍ ലോണില്‍ അന്‍വര്‍ അലിയെ വിട്ടുനല്‍കുകയായിരുന്നു. 2019ല്‍ താരം മുംബൈ ക്യാമ്പില്‍ തിരിച്ചെത്തിയെങ്കിലും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അന്‍വറിന് തിരിച്ചടിയാകുകയായിരുന്നു.
ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ കളിച്ച താരം അണ്ടര്‍ 23 ടീമിലേയും സ്ഥിരം സാന്നിധ്യമാണ്. സീനിയര്‍ ടീമിലേക്ക് വിളി വന്നെങ്കിലും ഇതുവരെ അരങ്ങേറാനായിട്ടില്ല. നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 20 ടീം 2-1ന് അര്‍ജന്റീനയെ തകര്‍ത്തപ്പോള്‍ അന്‍വര്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.
കഴിഞ്ഞ തവണ ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ മൂന്നാം സ്ഥാനത്തായിരുന്നു മുഹമ്മദന്‍ ഫിനിഷ് ചെയ്തത്. അടുത്ത വര്‍ഷം ഐലീഗ് ഒന്നാം ഡിവിഷണിലേക്ക് സ്ഥാനം കയറ്റം ലക്ഷ്യമിട്ട് കരുത്തുറ്റ ടീമിനെയാണ് മുഹമ്മദന്‍സ് ഒരുക്കുന്നത്. നിരവധി മികച്ച താരങ്ങള്‍ ഇതിനോടകം മുഹമ്മദന്‍സിന്റെ ഭാഗമായിട്ടുണ്ട്.
ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും കഴിഞ്ഞാല്‍ ഒരു കാലത്ത് കൊല്‍ക്കത്തന്‍ ഫുട്ബോളിലെ മൂന്നാമന്‍ മുഹമ്മദന്‍സ് ആയിരുന്നു. 1891 ല്‍ സ്ഥാപിതമായ മുഹമ്മദന്‍ ക്ലബ് രണ്ടു തവണ ഫെഡറേഷന്‍ കപ്പും പതിനൊന്ന് തവണ കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗും രണ്ട് തവണ ഡ്യൂറണ്ട് കപ്പും ആറുതവണ ഐ.എഫ്.എ ഷീല്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
മലയാളി താരങ്ങളായ വി.പി സത്യന്‍, യു. ഷറഫലി, നജീബ് തുടങ്ങിയ മലായാളി ഫുട്‌ബോള്‍ താരങ്ങളും ക്ലബിന്റെ ഭാഗമായിട്ടുണ്ട്. ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ് അടച്ചുപൂട്ടുക വരെ ചെയ്തിരുന്നു. പിന്നീട് 2016ല്‍ വീണ്ടും ക്ലബ് പുനസംഘടിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ യുവ വ്യവസായി ഗസ്സാലു സഫര്‍ ആണ് നിലവില്‍ മുഹമ്മദന്‍സിന്റെ ഉടമ.