സൂപ്പര്‍ താരം തുടരും, ചെന്നൈയ്ക്ക് ആശ്വാസം
ഐഎസ്എല്‍ ക്ലബ് ചെന്നൈയിന്‍ ആരാധകര്‍ക്ക് ആശ്വാസവുമായി ഒരു വാര്‍ത്ത പുറത്ത്. യുവസൂപ്പര്‍ താരം അനിരുദ്ധ് താപ്പ ചെന്നൈയിന്‍ എഫ്‌സിയില്‍ തുടരും. പരിശീലകന്‍ ഓവന്‍ കോയിലിനൊപ്പം അനിരുദ്ധ് താപ്പയും ജംഷഡ്പൂര്‍ എഫ്‌സിയിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് ഇതോടെ അന്ത്യമായത്.
ചെന്നൈയിനൊപ്പം 2016 മുതല്‍ കളിക്കുന്ന താരമാണ് താപ്പ. ഒരു സീസണില്‍ മിനര്‍വ്വ പഞ്ചാബില്‍ ലോണിന് പോയതൊഴിച്ചാല്‍ ചെന്നൈയിന്‍ മധ്യനിരയിലെ പ്രധാന താരമായിട്ടാണ് താപ്പയെ വിലയിരുത്തുന്നത്. ചെന്നൈയിനില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആയും, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആയും കളിച്ചു പോരുന്ന താപ്പ ഇതുവരെ ക്ലബിനായി 55 മത്സരങ്ങളാണ് ഇതിനോടകം തന്നെ കളിച്ചത്. മൂന്ന് ഗോളും നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ദേശീയ ടീമില്‍ 24 മത്സരങ്ങള്‍ ഇതിനോടകം കളിച്ച് കഴിഞ്ഞ യുവതാരം ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന താരമാണ്. രണ്ട് അന്താരാഷ്ട്ര ഗോളുകളും താപ്പ സ്വന്തമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ കളിക്കാന്‍ മികവുള്ള ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ഫുട്ബാള്‍ പണ്ഡിറ്റുകളും, പരിശീലകരും ആദ്യം ഉള്‍പ്പെടുത്താറുള്ള പേരുകളില്‍ ഒന്ന് താപ്പയുടേതാണ്.
കഴിഞ്ഞ ദിവസമാണ് ചെന്നൈയിന്‍ പരിശീലകന്‍ ഓവന്‍ കോയില്‍ ജംഷഡ്പൂരിലേക്ക് കൂടുമാറിയത്.രണ്ട് വര്‍ഷത്തേയ്ക്കാണ് കോയ്ല്‍ ജംഷഡ്പൂര്‍ എഫ്സിയുമായി കരാര്‍ ഒപ്പിട്ടത്.
കഴിഞ്ഞ ഐഎസ്എല്‍ സീസണിനിടേയായിരുന്നു ഇംഗ്ലീഷ് പരിശീലകനായ കോയില്‍ ചെന്നൈ എഫ്സിയുമായി കരാര്‍ ഒപ്പിട്ടത്. അതുവരെ ദയനീയ പ്രകടനം കാഴ്ച്ചവെക്കുകയായിരുന്ന ചെന്നൈ പിന്നീട് അവിശ്വസനീയമായി മുന്നേറുകയായിരുന്നു. ഒടുവില്‍ ഐഎസ്എല്‍ ഫൈനല്‍ വരെ ചെന്നൈയെ ഓവല്‍ കൈപിടിച്ചുയര്‍ത്തി.