സ്വന്തം ഗോളാഘോഷിച്ചത് ടീമിന്റെ ബെഞ്ചിലിരുന്ന്, ഫുട്ബോളിൽ അത്യപൂർവ സംഭവം

ഫുട്ബോൾ ലോകം ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഇന്നലെ സ്‌പാനിഷ്‌ ലീഗിൽ നടന്നത്. ലാ ലിഗയിൽ അത്ലറ്റികോ മാഡ്രിഡും ഗെറ്റാഫയും തമ്മിൽ നടന്ന മത്സരത്തിനിടെ സ്വന്തം ഗോൾ ടീമിന്റെ ബെഞ്ചിലിരുന്ന് ഒരു താരം ആഘോഷിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഖത്തർ ലോകകപ്പ് നേടിയ അർജന്റീന സ്‌ക്വാഡിലുണ്ടായിരുന്ന, അത്ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റനിര താരമായ ഏഞ്ചൽ കൊറേയക്കാണ് താൻ നേടിയ ഗോൾ ബെഞ്ചിലിരുന്ന് ആഘോഷിക്കേണ്ടി വന്നത്.

അറുപതാം മിനുട്ടിലാണ് ഏഞ്ചൽ കൊറേയയുടെ ഗോൾ വരുന്നത്. അത്ലറ്റികോ മാഡ്രിഡ് എടുത്ത കോർണർ ഗെറ്റാഫെ ക്ലിയർ ചെയ്‌തു. അതിനു പിന്നാലെ വന്ന ലോങ്ങ് റേഞ്ച് ഷോട്ട് ഗെറ്റാഫെ കീപ്പർ തടുത്തെങ്കിലും ഓടിയെത്തിയ ഏഞ്ചൽ കൊറേയ അത് വലയിലാക്കി. ഗോൾ നേടിയത് താരം ആഘോഷിക്കാൻ തുടങ്ങുമ്പോൾ തന്നെ ലൈൻ റഫറി ഓഫ്‌സൈഡ് വിധിച്ചു. ഇതിനു പിന്നാലെ തന്നെ കൊറേയയെ പിൻവലിച്ച് സിമിയോണി ബെൽജിയൻ താരമായ യാനിക് കരാസ്‌കോയെ കളത്തിലിറക്കുകയും ചെയ്‌തു.

കൊറേയ പിൻവലിക്കപ്പെടുന്നതും ഗോളിൽ സംശയം തോന്നി വീഡിയോ റഫറി അത് പരിശോധിച്ച് തുടങ്ങുന്നതുമെല്ലാം ഒരേ സമയത്താണ്. വീഡിയോ ദൃശ്യങ്ങളിൽ നിന്നും കൊറേയ ഓഫ്‌സൈഡല്ലെന്ന് മനസിലാക്കിയതിനാൽ വീഡിയോ റഫറി അത് ഗോൾ അനുവദിച്ചു നൽകി. അതോടെ ഏഞ്ചൽ കൊറേയയുടെ അരികിലേക്ക് എല്ലാവരും ഓടിയെത്തി. ഗോളടിച്ചു കഴിഞ്ഞാൽ കളിക്കളത്തിൽ നടത്തേണ്ട ആഘോഷം ബെഞ്ചിലിരുന്ന് നടത്തുകയെന്ന അപൂർവസംഭവമാണ് അതോടെ നടന്നത്.

വീഡിയോ റഫറിയിങ് വന്നതിന്റെ ഭാഗമായുണ്ടായ ഈ സംഭവം ഫുട്ബോളിൽ തന്നെ ആദ്യമായിട്ടാണ് നടക്കുന്നതെന്നാണ് അനുമാനിക്കേണ്ടത്. എന്തായാലും കൊറേയയുടെ ഗോളിനും അത്ലറ്റികോ മാഡ്രിഡിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. എൺപത്തിമൂന്നാം മിനുട്ടിൽ ഗെറ്റാഫെ സമനില ഗോൾ നേടി. വിജയം കൈവിട്ട അത്ലറ്റികോ മാഡ്രിഡ് ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, റയൽ സോസിഡാഡ് എന്നിവരാണ് ഒന്ന് മുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങളിൽ.

You Might Also Like