കോവിഡ് നിയന്ത്രണങ്ങൾ, പിതാവിന്റെ ശവസംസ്കാരചടങ്ങിന് പങ്കെടുക്കാനാവാതെ നെഞ്ചുതകർന്ന് അലിസൺ

Image 3
EPLFeaturedFootball

ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ അലി സൺ ബെക്കറുടെ പിതാവ് ഇക്കഴിഞ്ഞ ബുധനാഴ്ച തടാകത്തിൽ മുങ്ങി മരിച്ചിരുന്നു. വീട്ടിൽ നിന്നും കുറച്ചകലെയുള്ള തടാകത്തിൽ മുങ്ങി മരിച്ചതായി കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തുകയായിരുന്നു. തടാകക്കരയിൽ പൊങ്ങിയ മൃതദേഹം സുഹൃത്തുക്കളും ജോലിക്കാരും ചേർന്ന് കണ്ടെത്തുകയായിരുന്നു.

മാനസികമായി ആകെ തളർന്ന അലിസൺ ബെക്കർ ബ്രസീലിലേക്ക് പറക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും ഔദ്യോഗികമായ ഒരു വിട്ടുവീഴ്ചയും കോവിഡ് നിയമങ്ങൾ മൂലം താരത്തിനു ഇതു വരെയും ലഭിച്ചിട്ടില്ലെന്നാണ് അറിയാനാകുന്നത്. ബ്രസീലിയൻ ക്ലബ്ബായ ഫ്ളൂമിനൻസിൻ്റെ ഗോൾകീപ്പറും അദ്ദേഹത്തിൻ്റെ മൂത്ത സഹോദരനുമായ മുറിയേൽ വ്യാഴാഴ്ച രാവിലെ തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു.

എന്നാൽ അലിസണ് തൻ്റെ പിതാവിൻ്റെ ശവസംസ്കാര ചടങ്ങിനു ബ്രസീലിലേക്ക് മടങ്ങാൻ സാധിക്കാത്ത അവസ്ഥയിൽ തുടരുകയാണ്. ശവസംസ്കാരത്തിനായി അലിസണെ കാത്തിരിക്കണോയെന്ന അനിശ്ചിതത്വത്തിൽ തുടരുകയാണ് അദ്ദേഹത്തിൻ്റെ കുടുംബം. അതിനായി എല്ലാ ശ്രമങ്ങളും താരത്തിൻ്റെ ഭാഗത്തു നിന്നും തുടരുന്നുണ്ടെന്നാണ് ബ്രസീലിയൻ മാധ്യമം പുറത്തു വിട്ടിരിക്കുന്നത്.

എന്നാൽ നിലവിൽ താരം തോൽവി സമ്മതിച്ചുവെന്നാണ് അറിയാനാകുന്നത്. ഗർഭിണിയായ ഭാര്യക്കൊപ്പം പത്തു ദിവസം താരത്തിനു ബ്രസീലിൽ തന്നെ ക്യാറൻ്റൈനിൽ ഇരിക്കേണ്ട സാഹചര്യവും നിർബന്ധമാക്കിയ സാഹചര്യത്തിലാണ് താരത്തിനു തോൽവി സമ്മതിക്കേണ്ടി വന്നിരിക്കുന്നത്. ലിവർപൂളിൻ്റെ ടൈംടേബിൾ അനുവദിക്കുകയാണെങ്കിൽ മൂന്നു ആഴ്ചക്കുള്ളിൽ ബ്രസീലിലെത്തുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ഏറ്റവും വേദനാജനകമായ കാര്യം താരത്തിന്നു പിതാവിൻ്റെ ശവസംസ്കാരത്തിനു പങ്കെടുക്കാൻ സാധിക്കില്ലയെന്നതു തന്നെയാണ്.