റയല്‍ കോച്ചിംഗ് സ്ഥാനം വെച്ചുനീട്ടി, നിഷ്‌ക്രൂരം നിരസിച്ചതായി മുന്‍ യുവന്റെസ് പരിശീലകന്‍

Image 3
FeaturedFootball

ലോകത്തെ ഏതൊരു കോച്ചും സ്വപ്‌നം കാണുന്ന സ്ഥാനമാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം. എന്നാല്‍ റയല്‍ പരിശീലക സ്ഥാനം വെച്ചുനീട്ടിയിട്ടും നിരസിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇറ്റാലിയന്‍പരിശീലകന്‍ മാക്‌സിമിലിയാനോ അല്ലെഗ്രി.

രണ്ടു വര്‍ഷം മുമ്പാണ് തനിക്ക് റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ താനത് നിരസിച്ചുവെന്നുമാണ് ഇറ്റാലിയന്‍ പരിശീലകന്റെ വെളിപ്പെടുത്തല്‍. അഞ്ചു വര്‍ഷമായി യുവന്റസ് പരിശീലകസ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് സ്ഥാനം ഒഴിഞ്ഞത്.

2017-18 സീസണില്‍ സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ പിന്നീട് വന്ന ജൂലന്‍ ലോപെറ്റെഗിയും സാന്റിയാഗോ സോളാരിക്കും വിജയം കണ്ടെത്താനാവാതെ പെട്ടെന്ന് കളംവിടേണ്ടി വന്നു. ഈ സമയത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേരായിരുന്നു അല്ലെഗ്രിയുടേത്.

എന്നാല്‍ യുവെന്റസ് അധികൃതര്‍ ഈ നീക്കത്തിനു തടയിടുകയും ക്ലബിനോട് കൂറുപുലര്‍ത്തിയിരുന്നഅല്ലെഗ്രി യുവന്റസില്‍ തന്നെ തുടരുകയും ചെയ്തു.

‘രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഒരു കരാറുണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. എന്നാലും അന്ന് എനിക്ക് യുവന്റസിനോടായിരുന്നു കൂടുതല്‍ താത്പര്യം’ റയല്‍ മാഡ്രിഡിന്റെ പരിശീലകനോടുള്ള താത്പര്യത്തെ പറ്റി ചോദിച്ചപ്പോള്‍ സ്പാനിഷ് മാധ്യമമായ മാര്‍ക്കയോട് അല്ലെഗ്രി വെളിപ്പെടുത്തി.

ലാലീഗ പുനരാരംഭിച്ചതിന് ശേഷം സിദാന്റെ മാഡ്രിഡിന്റെ കോച്ചിംഗ് മികവിനെ പ്രശംസിക്കാനും അല്ലെഗ്രി മറന്നില്ല. പ്രത്യേകിച്ചും കാസീമിറോയെ വച്ചു കളിയില്‍ വരുത്തുന്ന സിദാന്റെ തന്ത്രപരമായ മാറ്റങ്ങളെയും അല്ലെഗ്രി പ്രശംസിച്ചു. ഇപ്പോള്‍ കുടുംബത്തിന്റെ ഒപ്പം ചെലവഴിക്കുകയാണെങ്കിലും മികച്ച പുതിയ ക്ലബ്ബുകള്‍ വന്നാല്‍ വീണ്ടും പരിശീലക വേഷമണിയുമെന്ന് അല്ലെഗ്രി കൂട്ടിച്ചേര്‍ത്തു.