എന്തിന് ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നു, ലക്ഷ്യം ഇതാണ്, വെളിപ്പെടുത്തലുമായി ആല്‍ബിനോ

Image 3
FootballISL

ഐഎസ്എല്ലില്‍ കേരള ബ്ലാസറ്റേഴ്‌സില്‍ കളിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തി ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ ആദ്യ താരമായ ഗോവന്‍ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദുമായി നടത്തിയ ഓണ്‍ലൈന്‍ ആഭിമുഖത്തിലാണ് ആല്‍ബിനോ തന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കിയത്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം ഐഎസ്എല്‍ കിരീടം നേടുക എന്നതാണ് തന്റെ ആഗ്രഹമെന്നും ബ്ലാസ്റ്റേഴ്‌സിലെ പ്രകടനത്തിലൂടെ ഇന്ത്യന്‍ ദേശീയ ടീമില്‍ കയറിപറ്റാനും താന്‍ ഏറെ കൊതിക്കുന്നുണ്ടെന്നും ഈ ഗോവന്‍ ഗോള്‍കീപ്പര്‍ പറയുന്നു.

എനിക്ക് മുമ്പും ബ്ലാസ്റ്റേഴ്‌സിലേക്ക് വരാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇവിടത്തെ ആരാധകര്‍ വളരെ മികച്ചതാണ്, ഫുട്‌ബോളിനോടുള്ള അവരുടെ അഭിനിവേശമാണ് എന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്. ബ്ലാസ്റ്റേഴ്‌സിനായി ഐ എസ് എല്‍ കിരീടം നേടുക എന്നതാണ് എന്റെ ആഗ്രഹം. കേരള ബ്ലാസ്റ്റേഴ്‌സിനായി അടുത്ത സീസണില്‍ ധാരാളം മത്സരങ്ങള്‍ കളിക്കാനാകും എന്നാണ് ഞാന്‍് പ്രതീക്ഷിക്കുന്നത്. അതുവഴി ദേശീയ ടീം പ്രവേശനമാണ് ലക്ഷ്യം’ ആല്‍ബിനോ വെളിപ്പെടുത്തി.

സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015 ല്‍ മുംബൈ സിറ്റി എഫ്‌സിയിലൂടെയാണ് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നും 2016-17ലെ ഐ-ലീഗ് സീസണില്‍ ലോണിലൂടെ ഐസ്വാള്‍ എഫ്‌സിയില്‍ ചേര്‍ന്നു. ആ സീസണില്‍ 8 ക്ലീന്‍ ഷീറ്റുകളോടെ ഐ-ലീഗില്‍ ക്ലബ്ബിന് കിരീടം ഉയര്‍ത്താന്‍ സഹായിക്കുന്നതായി അല്‍ബിനോയുടെ പ്രകടനം.

2016 ല്‍ എ.എഫ്.സി അണ്ടര്‍ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്നു ആല്‍ബിനോ.