അവർ എനിക്ക് പന്തു പാസ്സ് ചെയ്യുന്നില്ല, മത്സരശേഷം വികാരാധീനനായി സിറ്റി താരം സെർജിയോ അഗ്വേറോ

ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാഹുമായി നടന്ന ചാമ്പ്യൻസ്‌ലീഗ് രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. മധ്യനിര താരങ്ങളായ ഇകായ് ഗുണ്ടോഗൻ്റെയും കെവിൻ ഡി ബ്രൂയ്നെയുടെയും തകർപ്പൻ ഗോളുകളാണ് സിറ്റിക്ക് മിന്നും വിജയം സമ്മാനിച്ചത്. ആദ്യ പാദത്തിലും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടാൻ സിറ്റിക്ക് സാധിച്ചിരുന്നു.

സിറ്റിക്ക് സന്തോഷം നൽകുന്ന വിജയമാണെങ്കിലും വിഷമത്തോടെയാണ് സിറ്റിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊന്നായ സെർജിയോ അഗ്വേറോ മത്സര ശേഷം കാലം വിട്ടത്. കളിക്കളത്തിൽ ആരും തനിക്ക് പന്ത്‌ നൽകുന്നില്ലെന്നു മത്സരശേഷം അഗ്വേറോ സിറ്റി സ്റ്റാഫിലൊരാളോട് പരാതിപ്പെട്ടുവെന്നാണ് പ്രമുഖമാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ട്‌ ചെയ്യുന്നത്. പരിക്കിൽ നിന്നും മുക്തി നേടി തിരിച്ചെത്തിയ അഗ്വേറോയെ മത്സരത്തിനിറക്കാതെ ബെഞ്ചിലിരുത്തിയത് തന്നെ താരത്തെ അസ്വസ്ഥനാക്കിയിരുന്നു.

ബെർണാഡോ സിൽവക്കു പകരക്കാരനായി അവസാന പതിനഞ്ചു മിനുട്ടോളം താരത്തിനു കളിക്കാൻ സാധിച്ചുവെങ്കിലും സഹതാരങ്ങൾ തന്നെ ഒഴിവാക്കുന്നതായി അനുഭവപ്പെട്ടുവെന്നാണ് അഗ്വേറോ വ്യക്തമാക്കുന്നത്. സിറ്റി താരങ്ങളായ ഡി ബ്രൂയ്നെയും റിയാദ് മെഹ്റസും അഗ്വേറോക്ക് പന്ത് നൽകാതെ ഒഴിവാക്കുന്ന സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ സീസൺ അവസാനം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനൊരുങ്ങുകയാണ് അഗ്വേറോയെന്നു അബുയൂഹങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും പെപ്‌ ഗാർഡിയോള ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. താരവുമായി ചർച്ചകൾ നടത്തുമെന്നും ഇരുകൂട്ടർക്കും നല്ലതെന്നു തോന്നുന്ന തീരുമാനം സ്വീകരിക്കുമെന്നും പെപ്‌ ഗാർഡിയോള വ്യക്തമാക്കിയിരുന്നു. അടുത്ത സീസണിൽ അഗ്വേറോ ബാഴ്‌സയിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

You Might Also Like