റയലിലേക്കുമല്ല ബാഴ്സയിലേക്കുമല്ല, അർജന്റൈൻ സൂപ്പർതാരത്തിന്റെ തീരുമാനം വ്യക്തമാക്കി ഏജന്റ്

Image 3
FeaturedFootballLa Liga

ഏറെ കാലമായി സ്വന്തം തട്ടകത്തിലെത്തിക്കാൻ ബാഴ്സലോണ കിണഞ്ഞു പരിശ്രമിക്കുന്ന താരമാണ് ലുവറ്റാരോ മാർട്ടിനെസ്. ജനുവരിയിൽ ബാഴ്സയിൽ എത്തിക്കുന്നതിന്റെ തൊട്ടടുത്ത് വരെ എത്തിയിരുന്നുവെങ്കിലും പിന്നീട് വന്ന കോവിഡ് പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധിയും ബാഴ്‌സയെ പിറകിലേക്ക് വലിക്കുകയായിരുന്നു. എങ്കിലും ബാഴ്‌സ ശ്രമങ്ങൾ ഉപേക്ഷിക്കാൻ ഒരുക്കമായിരുന്നില്ല.

അതിനിടയിലാണ് ചിരവൈരികളായ റയൽ മാഡ്രിഡും രംഗത്തുണ്ടെന്ന അഭ്യൂഹങ്ങളും ഉയർന്നു വന്നത്. താരത്തെ ഇന്റർമിലാനിൽ നിന്ന് റാഞ്ചാൻ റയൽ തയ്യാറായതായും നൂറ് മില്യൺ വരെ ചിലവഴിക്കാൻ റയൽ ഒരുക്കമാണ് എന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമായിടരിക്കുകയാണ്. താരം റയലിലേക്കും ബാഴ്‌സയിലേക്കും ഇല്ലെന്നും ലൗറ്ററോ ഇന്ററിൽ തന്നെ തുടരുമെന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് വെളിപ്പെടുത്തിയത്.

“യഥാർത്ഥത്തിൽ റയൽ മാഡ്രിഡുമായി ഒന്നുമുണ്ടായിട്ടില്ല. ഞങ്ങൾ റയൽ മാഡ്രിഡുമായി ബന്ധപ്പെട്ടോ അതല്ലെങ്കിൽ ബാഴ്‌സയുമായി ബന്ധപ്പെട്ടോ ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹം ഇന്ററിൽ തുടരുമെന്നാണോ നിങ്ങൾ ചോദിക്കുന്നത്? തീർച്ചയായും അദ്ദേഹം ഇന്റർ മിലാനിൽ തന്നെ തുടരും.”സ്കൈ സ്പോർട്സിനോടാണ് ലൗറ്ററോയുടെ ഏജന്റ് ആയ ബെറ്റോ യാക്യൂ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ബാഴ്സയുടെ നീണ്ടകാലത്തെ ശ്രമമാണ് ഫലം കാണാനാവാതെ പോവുന്നത്.

അർജന്റൈൻ സൂപ്പർതാരം ലൗറ്ററോ 2018 ജൂലൈയിൽ റേസിംഗ്‌ ക്ലബ്ബിൽ നിന്നാണ് ഇന്റർമിലാനിൽ എത്തുന്നത്. 22.7 മില്യൺ യൂറോക്കാണ് താരം ഇന്ററിൽ എത്തുന്നത്. അഞ്ച് വർഷത്തെ കരാറിലാണ് താരം ഇന്ററുമായി ഒപ്പുവെച്ചത്. 2023 ജൂൺ വരെ താരത്തിന് ഇന്ററുമായി കരാർ നിലവിലുണ്ട്. കഴിഞ്ഞ സീസണിൽ 49 മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ ലുവറ്റാറോ മാർട്ടിനെസ് ഇന്ററിന് വേണ്ടി നേടിയിട്ടുണ്ട്. ഇന്ററിൽ തുടരുമെന്ന തീരുമാനം ഇതോടെ ബാഴ്‌സക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.