; )
ബംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ ഫുട്‌ബോള്‍ പ്ലേഓഫ് മത്സരത്തില്‍ വിവാദ ഫ്രീകിക്ക് ഗോളിനെ തുടര്‍ന്ന് പാതിവഴിയില്‍ ബഹിഷ്‌ക്കരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് പിഴ വിധിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). 4 കോടി രൂപയാണ് പിഴശിക്ഷ വിധിച്ചത്.
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പരസ്യമായി ക്ഷമാപണം നടത്താനും എഐഎഫ്എഫ് അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സ് ആറ് കോടി രൂപ പിഴയടയ്ക്കണം.
കളിക്കളത്തില്‍നിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കമനോവിച്ചിനേയും വെറുതെ വിട്ടില്ല. 10 മത്സരങ്ങളില്‍ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വുക്കമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും. ടീമിന്റെ ഡ്രസിങ് റൂമില്‍ വരെ പ്രവേശന വിലക്ക് ബാധകമാണ്.
10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിര്‍ദേശം. അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കാനും ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ട്.
കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനില്‍ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കില്‍നിന്നു ഗോള്‍ നേടിയതിനു പിന്നാലെ, ഈ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.
താരങ്ങള്‍ കളം വിട്ടതിന്റെ പേരില്‍ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നതു ലോകഫുട്‌ബോളിലെ അത്യപൂര്‍വ സംഭവങ്ങളിലൊന്നാണെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷന്‍ വൈഭവ് ഗഗ്ഗാര്‍ പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഇതിനു മുന്‍പ് ഒരിക്കല്‍ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബര്‍ 9ന് കൊല്‍ക്കത്തയില്‍ നടന്ന ഈസ്റ്റ് ബംഗാള്‍ മോഹന്‍ ബഗാന്‍ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹന്‍ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.