അവസാന വിക്കറ്റിലെ അത്ഭുത കൂട്ടുകെട്ടും രക്ഷിച്ചില്ല, ഒടുവില്‍ കണക്ക് തീര്‍ത്ത് ബംഗ്ലാദേശ്

സിംബാബ് വെയ്‌ക്കെതിരെ ഏകദിന പരമ്പരയും കൈവിട്ട് നാണംകെട്ട ബംഗ്ലാദേശിന് ഒടുവില്‍ ആശ്വാസ ജയം. പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ 105 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. തങ്ങളുടെ 400 ഏകദിനത്തില്‍ ജയം സ്വന്തമാക്കാനായത് ബംഗ്ലാദേശിന് ആശ്വാസമായി. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സിംബാബ്‌വെ 32.2 ഓവറില്‍ കേവലം 151 റണ്‍സിന് പുറത്തായി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സിംബാബ് വെ സൂപ്പര്‍ താരം സിക്കന്ദര്‍ റാസ ഈ മത്സരത്തില്‍ ഗോള്‍ഡണ്‍ ഡെക്കായി മടങ്ങി. ഇബാദത്ത് റഹ്മാന്റെ പന്തില്‍ കുറ്റിതെറിച്ചാണ് സിക്കന്ദര്‍ റാസ പുറത്തായത്. അവസാന വിക്കറ്റില്‍ 68 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ റിച്ചാര്‍ഡ് നഗര്‍വയും വിക്ടര്‍ നിയൂച്ചിയുമാണ് വന്‍ നാണക്കേടില്‍ നിന്ന് സിംബാബ് വെയെ രക്ഷിച്ചത്. 83 റണ്‍സ് എടുക്കുമ്പോഴേക്കും സിംബാബ് വെയ്ക്ക് ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

27 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത 10ാം നമ്പര്‍ ബാറ്റ്‌സ്മാന്‍ നഗര്‍വയാണ് സിംബാബ് വെയുടെ ടോപ് സ്‌കോറര്‍. പതിനൊന്നാമനായി ഇറങ്ങിയ നിയൂച്ചി 26 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാഡേ 24 റണ്‍സുമെടുത്തു.

ബംഗ്ലാദേശിനായി 5.2 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാന്‍ ആണ് അവസരത്തിനൊത്ത് ഉയര്‍ന്നത്. താലും ഇസ്ലാമും ഇബാദത്ത് ഹുസൈനും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. മെഹ്ദി ഹസനും ഹസന്‍ മഹ്മദും ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി 81 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 85 റണ്‍സെടുത്ത അഫീഫ് ഹുസൈന്‍ ആണ് മികച്ച പ്രകടനനം കാഴ്ച്ചവെച്ചത്. അനാമുല്‍ ഹഖ് 71 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 76 റണ്‍സും സ്വന്തമാക്കി.

You Might Also Like