“ഫൈനലിൽ റയൽ മാഡ്രിഡ് വേണ്ട, മാഞ്ചസ്റ്റർ സിറ്റിയെ മതി”- ഇന്റർ മിലാൻ മേധാവി പറയുന്നു

ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിക്കാൻ പോകുന്നത്. 2010ൽ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയ ടീം അതിനു ശേഷം മോശം ഫോമിലേക്ക് പോയി പിന്നീട് ഇറ്റാലിയൻ ഫുട്ബോളിന്റെ മുൻനിരയിലേക്ക് തിരിച്ചുവന്ന് ഇപ്പോൾ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും കളിക്കാൻ പോവുകയാണ്.

ആധികാരികമായി തന്നെയാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയത്. സെമി ഫൈനലിൽ ഇറ്റലിയിലെ പ്രധാന എതിരാളികളായ എസി മിലാനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് രണ്ടു പാദങ്ങളിലുമായി ഇന്റർ തോൽപ്പിച്ചത്. ഫൈനലിൽ റയൽ മാഡ്രിഡ് അല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെ ആരെയാണ് തങ്ങൾക്ക് നേരിടാൻ ആഗ്രഹമെന്ന് ഇന്റർ മിലാൻ വൈസ് പ്രസിഡന്റ് സനേറ്റി വെളിപ്പെടുത്തി.

“റയൽ മാഡ്രിഡിനെ ഒഴിവാക്കാനാണ് എന്റെ ആഗ്രഹം, കാരണം ഈ ടൂർണമെന്റ് അവർക്ക് വേണ്ടി ഉണ്ടാക്കിയതു പോലെയാണ് തോന്നിയിട്ടുള്ളത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടെ എത്തുകയെന്നതു തന്നെയാണ്. ബുദ്ധിമുട്ടേറിയ യാത്രയായിരുന്നു ഇത്, സെമി ഫൈനലുകളിൽ മിലാൻ ഡെർബി കളിക്കേണ്ടി വരുന്നത് എളുപ്പമല്ല. 2003ൽ ഞാൻ കളിച്ചപ്പോൾ തോറ്റു പോയിരുന്നു.” സനേറ്റി പറഞ്ഞു.

2010ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമിന്റെ നായകൻ കൂടിയായിരുന്നു അർജന്റീന മുൻ താരമായ സനേറ്റി. ഈ സീസണിലും ലൗടാരോ മാർട്ടിനസ് എന്ന അർജന്റീന താരത്തിന്റെ കരുത്തിലാണ് ഇന്റർ മിലാൻ മുന്നോട്ടു കുതിക്കുന്നത്. എന്നാൽ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ആയാലും റയൽ മാഡ്രിഡ് ആയാലും കൂടുതൽ വിജയസാധ്യത അവർക്ക് തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

You Might Also Like