മുംബൈക്കാരനായിട്ടും മുംബൈയ്‌ക്കെതിരെ നീ സെഞ്ച്വറി നേടിയതെന്തിന്, ജയ്‌സ്വാളിനെ ശാസിച്ച് ഗവാസ്‌ക്കര്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടി രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്‍പിയാകാന്‍ യശ്വസ്വി ജയ്‌സ്വാളിന് കഴിഞ്ഞിരുന്നല്ലോ. ഐപിഎല്ലില്‍ മുംബൈയ്‌ക്കെതിരെ ജയ്‌സ്വാള്‍ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. കഴിഞ്ഞ വര്‍ഷവും ജയ്‌സ്വാള്‍ മുംബൈയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരുന്നു.

മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ ഇക്കാര്യത്തെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞതുമില്ല. മുംബൈക്കെതിരെ കളിക്കുമ്പോള്‍ മാത്രം എന്താണ് ഇത്ര മികവ് കാട്ടുന്നത് എന്നായിരുന്നു ഗവാസ്‌കറുടെ ചോദ്യം.

ഗവാസ്‌കര്‍: യശസ്വി, സുനില്‍ ഗവാസ്‌കര്‍ ആണ്, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇത് നിന്റെ രണ്ടാം സെഞ്ചുറിയാണിത്. നീ ഒരു മുംബൈ ബോയ് അല്ലെ, എന്നിട്ടാണോ നീ അവര്‍ക്കെതിരെ ഇങ്ങനെ സെഞ്ചുറി അടിക്കുന്നത്, നിനക്ക് മുംബൈക്കെതിരെ അടിക്കുന്നതിന് പകരം മറ്റേതെങ്കിലും ടീമിനെതിരെ സെഞ്ചുറി അടിച്ചൂകൂടെ.

ജയ്‌സ്വാള്‍: അങ്ങനെ ഒന്നുമില്ല, എല്ലാ ടീമുകള്‍ക്കെതിരെയും മികച്ച പ്രകടനം നടത്താനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. പക്ഷെ ചില ദിവസം കഠിനമായിരിക്കും, ചിലപ്പോള്‍ എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാനാകും. ഞാന്‍ എന്റെ കളി കളിക്കുന്നു, അത്രയേയുള്ളു, അല്ലാതെ എന്റെ മനസില്‍ മറ്റൊന്നുമില്ല.

ഇന്നലത്തെ സെഞ്ചുറിയോടെ സീസണില്‍ എട്ട് കളികളില്‍ 225 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 22-ാം സ്ഥാനത്താണ് യശസ്വിയിപ്പോള്‍. സെഞ്ചുറിയോടെ ഫോമിലേക്ക് മടങ്ങിയെത്തിയ യശസ്വി രാജസ്ഥാന് മാത്രമല്ല, ഇന്ത്യന്‍ ടീമിനും ആശ്വാസകരമായ കാര്യമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറാകുമെന്ന് കരുതുന്ന യശസ്വി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സടിച്ചശേഷമാണ് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയത്.

You Might Also Like