തകര്‍ത്തടിച്ച് പവല്‍, തകര്‍പ്പന്‍ ജയം സ്വന്തമാക്കി വിന്‍ഡീസ്

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. 35 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശിനെതിരെ വിന്‍ഡീസ് സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുക്കാനെ ആയുളളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പതറിപ്പോയ ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസും അഫീഫ് ഹുസൈനുമായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഷാക്കിബ് അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 68 റണ്‍സെടുത്തെങ്കിലും 52 പന്തുകള്‍ നേരിടേണ്ടി വന്നു. അഫീഫ് ഹുസൈന്‍ ആകട്ടെ 27 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സും എടുത്തു.

മറ്റാര്‍ക്കും ബംഗ്ലാ ബാറ്റിംഗ് നിരയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനായില്ല. അനാമുല്‍ ഹഖ് 93), ലിറ്റന്‍ ദാസ് (5), മഹമ്മദുള്ള (11), നൂറുല്‍ ഹസന്‍ (7), മുസദ്ദിക്ക് ഹുസൈന്‍ (15), മെഹ്ദി ഹസന്‍ (5*) എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാതാരങ്ങളുടെ പ്രകടനം.

വിന്‍ഡീസിനായി ഒബെദ് മാക്കോയും റമാരിയോ ഷെപ്പേഴ്ഡും രണ്ട് വിക്കറ്റ് വീഴ്ത്തി. അഖേല്‍ ഹസൈനും ഒഡേണ്‍ സ്മിത്തും ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിനായി റോവ് മാന്‍ പവലും ബ്രെഡന്‍ കിംഗും അര്‍ധ സെഞ്ച്വറി നേടി. റോവ്മാന്‍ പവല്‍ 28 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സും സഹിതം 61 റണ്‍സാണ് സ്വന്തമാക്കിയത്. ബ്രെന്‍ഡന്‍ കിംഗ് ആകട്ടെ 43 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സും സ്വന്തമാക്കി. നായകന്‍ നിക്കോളാസ് പൂരാന്‍ 30 പന്തില്‍ 34 റണ്‍സ് എടുത്ത് പുറത്തായി.

ബംഗ്ലാദേശിനായി ശെരീഫുല്‍ ഇസ്ലാം രണ്ടും മുസദ്ദിക്ക് ഹസൈന്‍, ഷാക്കിബ് അല്‍ ഹന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

You Might Also Like